KeralaNEWS

കരിങ്കൊടി പ്രതിഷേധം അപമാനിക്കലല്ല: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ലെന്ന് ഹൈക്കോടതി. പറവൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

ഏതു നിറത്തിലുള്ള കൊടിയും ഉപയോഗിച്ചുള്ള പ്രതിഷേധം നിയമവിരുദ്ധമല്ല. പ്രതിഷേധമുണ്ടാകുമ്പോള്‍ ചെറിയ ബലപ്രയോഗം സാധാരണമാണ്. അതിനാല്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റം നിലനില്‍ക്കില്ല. ഇത്തരം ചെറിയ കാര്യങ്ങളില്‍ നിയമനടപടികള്‍ ഒഴിവാക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഓര്‍മിപ്പിച്ചു.

Signature-ad

2017 ഏപ്രില്‍ 9നാണ് കേസിനാസ്പദമായ സംഭവം. പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു നടത്തിയ പ്രതിഷേധത്തില്‍ പൊലീസ് കേസെടുത്തിരുന്നു. കരിങ്കൊടി കാട്ടിയെന്ന കേസിനു പുറമേ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: