IndiaNEWS

വന്ദേഭാരതിലെ ഭക്ഷണത്തില്‍ പ്രാണികള്‍; ആദ്യം ജീരകമെന്ന് മറുപടി, ഒടുവില്‍ 50,000 രൂപ പിഴ

ചെന്നൈ: വന്ദേഭാരതില്‍ വിളമ്പിയ സാമ്പാറില്‍ നിന്ന് പ്രാണികളെ കണ്ടെത്തി. തിരുനെല്‍വേലി ചെന്നൈ റൂട്ടിലാണ് സംഭവം. പുഴുവടങ്ങിയ ഭക്ഷണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു.

വന്ദേഭാരത് പോലെ ഉയര്‍ന്ന നിലവാരമുള്ള ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണമേന്മയില്‍ പലരും ആശങ്ക പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള ഭക്ഷണമാണോ ഇവിടെ വിളമ്പുന്നതെന്ന് പലും വീഡിയോക്ക് താഴെ കമന്റിടുകയും ചെയ്തു. കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോറും വീഡിയോ പങ്കുവെച്ച് വന്ദേ ഭാരത് ട്രെയിനുകളിലെ ശുചിത്വ നിലവാരത്തെ ചോദ്യം ചെയ്തു.

Signature-ad

”പ്രിയപ്പെട്ട അശ്വിനി വൈഷ്ണവ്( റെയില്‍വെ മന്ത്രി), തിരുനെല്‍വേലി-ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസില്‍ വിളമ്പിയ ഭക്ഷണത്തില്‍ ജീവനുള്ള പ്രാണികളെ കണ്ടെത്തിയിരിക്കുന്നു. ശുചിത്വത്തിലും ഐആര്‍സിടിസിയുടെ ഉത്തരവാദിത്തത്തിലും യാത്രക്കാര്‍ ആശങ്ക ഉന്നയിക്കുന്നുണ്ട്. ഇക്കാര്യം പരിഹരിക്കുന്നതിനും പ്രീമിയം ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റ ഗുണമേന്മ ഉറപ്പാക്കുന്നതിനും എന്ത് നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്’- വീഡിയോ പങ്കുവെച്ച് മാണിക്കം ടാഗോര്‍ ചോദിച്ചു.

അതേസമയം സംഭവം വാര്‍ത്തയായതോടെ ക്ഷമാപണവുമായി ദക്ഷിണ റെയില്‍വെ രംഗത്ത് എത്തി. ഭക്ഷണം വിതരണംചെയ്ത സ്ഥാപനത്തിന് 50,000 രൂപ പിഴയും ചുമത്തി. അതേസമയം ആദ്യം പരാതിപ്പെട്ടപ്പോള്‍ അത് കീടമല്ല, ജീരകമാണ് എന്ന മറുപടിയാണ് നല്‍കിയതെന്നും പറയപ്പെടുന്നു.

പിന്നാലെയാണ് റെയില്‍വേയുടെ ചീഫ് കാറ്ററിങ് ഇന്‍സ്പെക്ടറും ചീഫ് കൊമേഴ്‌സ്യല്‍ ഇന്‍സ്പെക്ടറും പരിശോധന നടത്തുന്നതും കീടങ്ങളാണെന്ന് ഉറപ്പിച്ചതും. അതേസമയം വന്ദേ ഭാരത് ട്രെയിനുകളിലെ ഭക്ഷണത്തെക്കുറിച്ചുള്ള ആദ്യത്തെ പരാതിയല്ല ഇത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു യാത്രക്കാരന്, ഭക്ഷണത്തില്‍ നിന്നും പാറ്റയെ ലഭിച്ചിരുന്നു.

 

Back to top button
error: