KeralaNEWS

ഇരുട്ടിവെളുത്തപ്പോള്‍ വാര്യര്‍ പാണക്കാട്ടെത്തിയത് വെറുതേയല്ല; കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നത് ചില അടിയൊഴുക്കുകള്‍

കോഴിക്കോട്: ബിജെപി ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ ഇരുകയ്യും നീട്ടിയാണ് പാര്‍ട്ടി സ്വീകരിച്ചത്. ത്രിവര്‍ണ ഷാളണിഞ്ഞ് വൈകുന്നേരം പാലക്കാട് നഗരത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനായി സന്ദീപ് വാര്യര്‍ പ്രചാരണത്തിനിറങ്ങുകയും ചെയ്തു. വമ്പന്‍ റോഡ് ഷോയാണ് യുഡിവൈഎഫ് സംഘടിപ്പിച്ചത്. പ്രവര്‍ത്തകര്‍ ആവേശത്തിലാഴ്ന്ന സന്ധ്യാനേരത്തിനാണ് പാലക്കാട് സാക്ഷിയായത്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയതിന് പിന്നാലെ ഇടത് ക്യാമ്പ് കുത്തിപ്പൊക്കിയത് മുമ്പ് അദ്ദേഹം നടത്തിയ വര്‍ഗീയവും ന്യൂനപക്ഷ വിരുദ്ധവുമായ ചില പരാമര്‍ശങ്ങളാണ്.

കടുത്ത ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം കോണ്‍ഗ്രസിനെ തുണച്ചിരുന്ന ഘടകമാണ്. ഈ തിരഞ്ഞെടുപ്പിലും അതുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഷാഫി പറമ്പില്‍ മത്സരിക്കുമ്പോള്‍ ഇടത് പക്ഷത്തുള്ള മതേതര വോട്ടുകള്‍ പോലും ഷാഫിക്ക് ലഭിച്ചിരുന്നു. എന്നാല്‍ രാഹുലിന് അത് അതുപോലെ ലഭിക്കുമോയെന്ന സംശയം തുടക്കം മുതല്‍ തന്നെയുണ്ട്. ഈ ആശങ്ക പരിഹരിക്കാന്‍ സ്വന്തം തിരഞ്ഞെടുപ്പ് പോലെ മണ്ഡലത്തില്‍ ഓടി നടക്കുകയാണ് ഷാഫി പറമ്പില്‍.

Signature-ad

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന സന്ദീപിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. പാര്‍ട്ടി അംഗത്വം സ്വീകരിച്ച് 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ പാണക്കാട് തറവാട്ടിലെത്തി മുസ്ലീം ലീഗ് നേതൃത്വത്തെ നേരിട്ട് കാണുകയും ചെയ്തു. ഇത് കൃത്യമായ രാഷ്ട്രീയ നീക്കമാണ്. ന്യൂനപക്ഷങ്ങളോട് സന്ദീപ് പണ്ട് സ്വീകരിച്ചിരുന്ന നിലപാട് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുമോയെന്ന ആശങ്ക ഒരു ഭാഗത്തു നില്‍ക്കുന്നുണ്ട്. സന്ദീപിന്റെ വരവ് കൊണ്ട് ബിജെപി വോട്ടുകളില്‍ കാര്യമായ വിള്ളലുണ്ടാക്കില്ലെന്ന തിരിച്ചറിവ് കോണ്‍ഗ്രസിനുണ്ട്.

എന്നാല്‍, സന്ദീപ് എത്തിയത് ന്യൂനപക്ഷങ്ങള്‍ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിന് കാരണമാകുമോയെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. തന്റെ മുന്‍കാല പ്രസ്താവനകള്‍ അന്നത്തെ രാഷ്ട്രീയത്തിന്റെ കൂടി ഭാഗമായി വന്നതാണെന്നും ഇപ്പോള്‍ താന്‍ മതേതര ചേരിയിലാണെന്നുമുള്ള പ്രതീതി സന്ദീപ് സൃഷ്ടിച്ചെടുക്കേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമാണ്. ഇടത്പക്ഷം ഇക്കാര്യം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാക്കുമെന്ന് ഉറപ്പുള്ളതിനാലും അതിലെ അപകടം തിരിച്ചറിഞ്ഞും കൂടിയാണ് ‘സ്നേഹത്തിന്റെ കടയിലെത്തി’ 24 മണിക്കൂര്‍ പിന്നിടുന്നതിന് മുമ്പ് സന്ദീപ് വാര്യര്‍ പാണക്കാട്ടേക്ക് എത്തിയത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: