തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റേതെന്ന പേരില്‍ പുറത്തിറങ്ങിയ ആത്മകഥയില്‍ ഗുരുതര പരാമര്‍ശങ്ങള്‍. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടത് ബിജെപിയില്‍ ചേരാനുള്ള ചര്‍ച്ചയുടെ ഭാഗമാണെന്ന് വരുത്തി തീര്‍ത്തതിനു പിന്നില്‍ ശോഭാ സുരേന്ദ്രനാണെന്നാണ് ആത്മകഥയായി പ്രചരിക്കുന്ന പുസ്തക ഭാഗങ്ങളിലുള്ളത്. പ്രചരിക്കുന്നത് തന്റെ ആത്മകഥയല്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി.ജയരാജന് വ്യക്തമാക്കി.
ഇ.പി.ജയരാജന്റെ ആത്മകഥയെന്ന പേരില്‍ പ്രചരിക്കുന്ന പുസ്തകത്തിലെ പ്രധാന ഭാഗങ്ങള്‍: തൃശൂര്‍ ഗസ്റ്റ് ഹൗസിലും ഡല്‍ഹിയിലും എറണാകുളത്തും ശോഭാ സുരേന്ദ്രനോടൊപ്പം ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി എന്നാണ് അവര്‍ ആവര്‍ത്തിച്ചു പറയുന്നത്. ഒരു തവണ മാത്രമാണ് ശോഭാ സുരേന്ദ്രനെ കണ്ടിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്കാര ചടങ്ങിനിടെയാണത്. അതിനു മുന്‍പോ ശേഷമോ ഫോണില്‍പോലും സംസാരിച്ചിട്ടില്ല. മകനെ എറണാകുളത്ത് വച്ച് ഒരു വിവാഹചടങ്ങിനിടെ കണ്ടപ്പോള്‍ ശോഭ സുരേന്ദ്രന് ഫോണ്‍ നമ്പര്‍ വാങ്ങിയിരുന്നു. ഒന്നും രണ്ടു തവണ ശോഭ വിളിച്ചെങ്കിലും മകന് ഫോണെടുത്തില്ല.
മകന്റെ ഫോണിലേക്കാണ് ജാവഡേക്കര്‍ വിളിച്ചത്. അച്ഛന് അവിടെ ഉണ്ടോ എന്നു ചോദിച്ചു. അല്പം കഴിയുന്നതിനു മുന്‍പ് ഫ്ലാറ്റിലെത്തി. ഈ വഴി പോയപ്പോള്‍ കണ്ടുകളയാമെന്നു കരുതിയാണ് വന്നതെന്നു പറഞ്ഞു. എല്ലാ രാഷ്ട്രീയ നേതാക്കളെയും കാണുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച എന്നാണ് പറഞ്ഞത്. അഞ്ചു മിനിറ്റില്‍ കൂടുതല്‍ കൂടിക്കാഴ്ച നീണ്ടുനിന്നില്ല.
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെട്ടതില്‍ പ്രയാസം മറച്ചു വയ്ക്കുന്നില്ലെന്ന് ഇ.പി പറയുന്നു. പദവി നഷ്ടപ്പെട്ടതിലല്ല, പാര്‍ട്ടി മനസ്സിലാക്കാത്തതിലാണു പ്രയാസം. അന്തിമ തീരുമാനം ഉണ്ടാകേണ്ടതു കേന്ദ്ര കമ്മിറ്റിയിലാണ്. പറയാനുള്ളത് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. അവസരവാദ രാഷ്ട്രീയത്തെക്കുറിച്ചു പറയുമ്പോള്‍ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യവും ചര്‍ച്ചയാകും. ഡോ.പി.സരിന് തലേദിവസം വരെ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു. കിട്ടാതെയായപ്പോള്‍ മറുകണ്ടം ചാടി. ശത്രുപാളയത്തിലെ വിള്ളല്‍ മുതലെടുക്കണമെന്നതു നേര്. സ്വതന്ത്രന് പല ഘട്ടങ്ങളിലും പ്രയോജനപ്പെട്ടിട്ടുണ്ട്. വയ്യാവേലിയായ സന്ദര്‍ഭങ്ങളും നിരവധി. പി.വി.അന്‍വര്‍ അതിലൊരു പ്രതീകമാണ്.
ഇ.പി.ജയരാജന്റെ പ്രതികരണം:
” ആത്മകഥ എഴുതുകയാണ്. പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എഴുതിയ കാര്യങ്ങള്‍ ടൈപ്പ് ചെയ്യുന്ന ഘട്ടത്തില്‍. പുറത്തുവന്ന കാര്യങ്ങള്‍ ഞാന്‍ എഴുതിയതല്ല. എഴുതാത്ത കാര്യങ്ങള്‍ എഴുതി. ഇന്ന് 10.30ന് പുസ്തകം പ്രസിദ്ധീകരിക്കുമെന്നാണ് വാര്‍ത്ത കാണുന്നത്. തെറ്റായ നടപടിയാണ്. ഇന്ന് തിരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിക്കെതിരെ വാര്‍ത്ത സൃഷ്ടിക്കാന്‍ മനപൂര്‍വം ചെയ്തതാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. പുസ്തകം ഇറങ്ങുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും”.