ഓര്‍ത്തഡോക്‌സ്- യാക്കോബായ പള്ളിത്തര്‍ക്കം പരിഹരിക്കുന്നതിന് നിയമനിര്‍മ്മാണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടികളെ സ്വാഗതം ചെയ്തും പിന്തുണ പ്രഖ്യാപിച്ചും ഓര്‍ത്തഡോക്‌സ് ചര്‍ച്ച് റിഫര്‍മേഷന്‍ മൂവ്‌മെന്റ്. നിയമത്തിന്റെ കരടു ബില്‍ സംസ്ഥാന നിയമ പരിഷ്‌കരണ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ജസ്റ്റിസ് കെ.ടി. തോമസ് അദ്ധ്യക്ഷനായ സമിതി തയ്യാറാക്കിയ കരടു ബില്ലില്‍, പള്ളികള്‍ സംബന്ധിച്ച് ഇരു സഭകളും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ ഭൂരിപക്ഷം നോക്കി ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. ഭൂരിപക്ഷ ഹിതമറിയാന്‍ റഫറണ്ടം നടത്തണം.
മാതൃസഭയിലെ സഹോദരങ്ങളുമായുള്ള അധികാരത്തര്‍ക്കത്തിലും പള്ളികള്‍ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തെരുവുയുദ്ധത്തിലും ഭൂരിപക്ഷം ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്കും താത്പര്യമില്ലാതിരിക്കുമ്പോഴും, സഭാനേതൃത്വം അനുനയങ്ങള്‍ക്കു തയ്യാറാകാത്തതിനു പിന്നില്‍ നിക്ഷിപ്ത ലക്ഷ്യങ്ങളാണെന്നാണ് ആക്ഷേപം. പള്ളികള്‍ പിടിച്ചെടുക്കുന്നതിന്റെയും കേസ് നടത്തിപ്പിന്റെയും മറവില്‍ ശതകോടികളുടെ ഇടപാടുകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
തര്‍ക്കപരിഹാരത്തിന് മുന്‍കൈയെടുക്കാത്തതിനു പിന്നില്‍ സഭാനേതൃത്വത്തെ കളിപ്പാവയാക്കി കുന്ദംകുളവും കോട്ടയവും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഓര്‍ത്തഡോക്‌സ് മാഫിയാ സംഘമാണെന്ന് ചര്‍ച്ച് റിഫര്‍മേഷന്‍ മൂവ്‌മെന്റ് പ്രസ്താവനയില്‍ ആരോപിച്ചു. ഇവര്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന് വിധേയമാക്കണമെന്ന് മൂവ്‌മെന്റ് ചെയര്‍മാന്‍ മാത്യു ഉലഹന്നാന്‍ ആവശ്യപ്പെട്ടു.
കെ.പി. യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്തും, വിവിധ സംസ്ഥാനങ്ങളിലായുള്ള അനുബന്ധ സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ് നടത്താനും, കോടികളുടെ കള്ളപ്പണം പിടിച്ചെടുക്കാനും കാട്ടിയ ചങ്കൂറ്റം, ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകത്തിന്റെ കാര്യത്തിലും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സഭാ തര്‍ക്ക കേസില്‍ 2017 ജൂലായ് മൂന്നിലെ സുപ്രീംകോടതി വിധി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമാണെങ്കിലും, വിധി നടപ്പാക്കുന്നതിനോ അതിനോട് വിശ്വാസികളില്‍ അനുകൂല മനോഭാവം സൃഷ്ടിക്കുന്നതിനോ സഭാ നേതൃത്വത്തിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ലൈംഗിക അരാജകത്വത്തിലും സാമ്പത്തിക ക്രമക്കേടുകളിലും ആണ്ടുകിടക്കുന്ന സഭാ നേതൃത്വത്തിന്റെ ഭരണപരമായ അപചയമാണ് ഇതിനു കാരണം. രോഗാതുരനായ സഭാദ്ധ്യക്ഷനെ നിയന്ത്രിക്കുന്നത് കൊച്ചിയില്‍ തട്ടുകട നടത്തിയിരുന്ന ഗുണ്ടയും, പത്താംക്‌ളാസും ഗുസ്തിയും മാത്രം യോഗ്യതയുള്ള മാവേലിക്കര സ്വദേശിയുമായ കൊച്ചിയിലെ ഹാര്‍ഡ് വെയര്‍ സ്ഥാപനം ഉടമയുമാണ്. ഇവരടങ്ങുന്ന ഗൂഢസംഘമാണ് ബാവയുടെ കള്ളപ്പണം നിയന്ത്രിക്കുന്നതും, രഹസ്യ ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതുമെന്നാണ് വിവരം.
സഭാ തര്‍ക്ക കേസ് നടത്തിപ്പിന്റെ പേരില്‍ ഇവര്‍ നടത്തുന്ന ധൂര്‍ത്തും ആഡംബരങ്ങളും വിശ്വാസികള്‍ക്കിടയില്‍ത്തന്നെ പരസ്യമാണ്. കേസിന്റെ നടത്തിപ്പിനെന്ന് പറഞ്ഞ് ഡല്‍ഹിയിലേക്ക് ബിസിനസ് ക്‌ളാസില്‍ വിമാനയാത്ര നടത്തുകയും, ഹയാത്ത് പോലെയുള്ള നക്ഷത്രഹോട്ടലുകളില്‍, പ്രതിദിനം ലക്ഷങ്ങള്‍ വാടകയുള്ള സ്യൂട്ട് റൂമുകളില്‍ രാജകീയതാമസം തരപ്പെടുത്തുകയും ചെയ്ത് ഇവര്‍ ചെലവിടുന്നത് വിശ്വാസികളുടെ പണമാണ് എന്നതാണ് ഏറ്റവും ദു:ഖകരവും പ്രതിഷേധാര്‍ഹവും. സഭയെ കൊള്ളയടിക്കുകയും മുച്ചൂടും മുടിക്കുകയും ചെയ്യുന്ന മാഫിയാ സംഘത്തിന്റെ തടവറയിലാണ് ബാവയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്തായാലും ഓര്‍ത്തഡോക്‌സ് സഭയ്ക്ക് തിരിച്ചടിയാകുന്നതാണ് സഭാതര്‍ക്ക പരിഹാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിയമനിര്‍മ്മാണ നീക്കം. യാക്കോബായ സഭയുടെ പരിപൂര്‍ണ പിന്തുണ ഉറപ്പായ നീക്കത്തെ ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളില്‍ ഭൂരിപക്ഷവും അനുകൂലിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. പള്ളികളുടെ ഉടമസ്ഥാവകാശം നിര്‍ണയിക്കാന്‍ റഫറണ്ടം നടത്തുകയെന്ന വ്യവസ്ഥയുടെ പേരില്‍ സര്‍ക്കാരിനെ പാഠം പഠിപ്പിക്കണമെന്ന് സഭാനേതൃത്വം കല്പന പുറപ്പെടുവിച്ചാല്‍, വിശ്വാസികള്‍ പുല്ലുവില പോലും കല്പിക്കില്ലെന്നും തീര്‍ച്ചയാണ്.
കരടു ബില്‍ തയ്യാറാക്കി, തര്‍ക്കപരിഹാര ശ്രമങ്ങള്‍ക്ക് ഗതിവേഗം നല്‍കിയ ഇടതു സര്‍ക്കാരിന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അതിന്റെ പ്രയോജനം ലഭിക്കുമെന്നും, നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് പിണറായി സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്നും ഓര്‍ത്തഡോക്‌സ് ചര്‍ച്ച് റിഫര്‍മേഷന്‍ മൂവ്‌മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.