KeralaNEWS

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയില്ല; ഷൊര്‍ണൂര്‍ അപകടത്തില്‍ കരാറുകാരനെതിരെ ക്രിമിനല്‍ കേസ്

പാലക്കാട്: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മൂന്ന് ശുചീകരണ കരാര്‍ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കരാറുകാരനെതിരെ ക്രിമിനല്‍ കേസെടുത്തു. ഇയാളുടെ കരാര്‍ റദ്ദാക്കിയതായും റെയില്‍വേ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കരാറുകാരന്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയില്ല. റെയില്‍വേ പാലത്തിന് മുമ്പുള്ള സ്ഥലം വൃത്തിയാക്കാനാണ് കരാര്‍ നല്‍കിയിരുന്നത്. ജോലി കഴിഞ്ഞ് 10 തൊഴിലാളികള്‍ സ്റ്റേഷനിലേക്ക് പോകാന്‍ റോഡിന് പകരം അനുമതിയില്ലാതെ റെയില്‍വേ പാലം ഉപയോഗിക്കുകയായിരുന്നു. ഈ പാലത്തില്‍ വേഗ നിയന്ത്രണമില്ലെന്നും റെയില്‍വേ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മരിച്ച തൊഴിലാളികള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചു.

Signature-ad

അതേസമയം, ട്രെയിന്‍ തട്ടി പുഴയില്‍ വീണ തൊഴിലാളിക്കായുള്ള തിരച്ചില്‍ ഞായറാഴ്ച രാവിലെ പുനരാരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് കൊച്ചിന്‍ പാലത്തില്‍ കരാര്‍ തൊഴിലാളികളായ മൂന്നുപേര്‍ ട്രെയിനിടിച്ചു മരിച്ചത് . ഒരാള്‍ ഭാരതപ്പുഴയിലേക്ക് വീഴുകയും ചെയ്തു. തമിഴ്‌നാട് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഞായറാഴ്ച സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. മന്ത്രി സംഭവസ്ഥലം സന്ദര്‍ശിച്ചേക്കും.

റെയില്‍വേ ട്രാക്ക് ശുചീകരണത്തിനായി കരാര്‍ എടുത്ത വ്യക്തിയുടെ തൊഴിലാളികളാണ് മരിച്ചവര്‍. 10 തൊഴിലാളികളാണ് സംഭവം സമയം ഉണ്ടായിരുന്നത്. ഈ സമയത്താണ് കേരള എക്‌സ്പ്രസ് വന്നത്. കൈവരി ഇല്ലാത്ത പാലത്തില്‍ ഇവര്‍ക്ക് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ സാധിച്ചില്ല. ആറുപേര്‍ ഓടി രക്ഷപ്പെട്ടു. മൂന്നുപേര്‍ അപകടത്തില്‍പെട്ട് മരിച്ചു. ഇതിനിടെ ഒരാള്‍ ഭാരതപ്പുഴയിലേക്ക് വീഴുകയായിരുന്നു. തമിഴ്‌നാട് സേലം സ്വദേശികളായ ലക്ഷ്മണന്‍, റാണി, വള്ളി എന്നിവരാണ് മരിച്ചത്. മൂന്നുപേരുടെയും മൃതദേഹം ട്രാക്കില്‍നിന്നാണ് കണ്ടെത്തിയത്.

Back to top button
error: