ഭോപ്പാല്‍: വെടിയേറ്റ് മരിച്ച ഭര്‍ത്താവിന്റെ രക്തം വീണ ആശുപത്രിക്കിടക്ക തുടച്ചുവൃത്തിയാക്കാന് യുവതിയോട് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചതായി പരാതി. മധ്യപ്രദേശിലാണ് സംഭവം.
അഞ്ചുമാസം ഗര്‍ഭിണിയായ യുവതി, കിടക്ക തുണി ഉപയോഗിച്ച് തുടയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടു. അതേസമയം തെളിവായി ഉപയോഗിക്കാന്‍ രക്തം പുരണ്ട വസ്ത്രം വേണമെന്ന് പറഞ്ഞ യുവതി കിടക്ക തുടച്ചെടുക്കാന്‍ അനുവദിക്കണമെന്ന യുവതി ആവശ്യപ്പെടുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വാദം.
ദിന്ദോരി ജില്ലയിലെ ലാല്‍പുര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് അച്ഛനും മൂന്ന് പുത്രന്മാരും ഉള്‍പ്പെടെ നാലുപേര്‍ക്ക് വെടിയേറ്റത്. ദീര്‍ഘകാലമായി നിലനിന്നിരുന്ന ഭൂമിതര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇത്. വെടിയേറ്റവരില്‍ അച്ഛനും ഒരു മകനും തല്‍ക്ഷണം മരിച്ചു. മറ്റ് മക്കളായ ശിവ്രാജ്, രാംരാജ് എന്നിവരെ ഉടന്‍ ഗദസാരായിയിലെ ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു. എന്നാല്‍ ശിവ്രാജിനെ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ ഭാര്യ റോഷ്നിയ്ക്കാണ് ആശുപത്രിയിലെ കിടക്ക വൃത്തിയാക്കേണ്ടിവന്നത് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ചാണ് റോഷ്നി ആശുപത്രിക്കിടക്കയിലെ രക്തം തുടച്ചുമാറ്റുന്നത്. ഇവരുടെ മറ്റേക്കയ്യില്‍ രക്തം പുരണ്ട വസ്ത്രവുമുണ്ട്.വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.