KeralaNEWS

ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; ബുധനാഴ്ച മുതല്‍ 1600 രൂപ വിതരണം

തിരുവനന്തപുരം: സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. ബുധനാഴ്ച മുതല്‍ തുക പെന്‍ഷന്‍കാര്‍ക്കു കിട്ടിത്തുടങ്ങുമെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്കു സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.

ഓണത്തിന്റെ ഭാഗമായി മൂന്നു ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ച് മുതല്‍ പ്രതിമാസ പെന്‍ഷന്‍ വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ വന്നശേഷം 33,000 കോടിയോളം രൂപയാണു ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചത്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിക്ക് ആവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനമാണ് കണ്ടെത്തുന്നത്. രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം.

Signature-ad

62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 5.88 ലക്ഷം പേര്‍ക്കാണ് ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നത്. കേരളത്തില്‍ പ്രതിമാസ പെന്‍ഷന്‍ക്കാര്‍ക്ക് ലഭിക്കുന്നത് 1600 രൂപയും. ബാക്കി മുഴുവന്‍ തുകയും സംസ്ഥാനമാണ് കണ്ടെത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തില്‍ 2023 ജൂലൈ മുതലുള്ള 400 കോടിയോളം രൂപ ഒക്ടോബര്‍ വരെ കുടിശികയുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: