KeralaNEWS

”യോഗത്തിന് മുമ്പ് ദിവ്യ ഫോണില്‍ വിളിച്ചിരുന്നു, എഡിഎമ്മിന്റെ മരണത്തിനു ശേഷം സംസാരിച്ചിട്ടില്ല”

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. യോഗത്തിന് മുമ്പ് ദിവ്യയുടെ ഫോണ്‍ കോള്‍ തനിക്ക് വന്നിരുന്നു. അതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി വിശദീകരിച്ചിട്ടുണ്ട്. എനിക്കറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ട്. അത് മാധ്യമങ്ങളോട് പറയാനാവില്ലെന്നും കലക്ടര്‍ അരുണ്‍ കെ വിജയന്‍ പറഞ്ഞു.

പൊലീസ് ഇന്നലെ വൈകീട്ടാണ് തന്റെ ക്യാംപ് ഓഫീസില്‍ വെച്ചാണ് മൊഴിയെടുത്തത്. അതില്‍ അസ്വാഭാവികതയൊന്നുമില്ല. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ക്ക് നല്‍കിയ മൊഴി തന്നെയാണ് പൊലീസിനും നല്‍കിയത്. കോള്‍ റെക്കോര്‍ഡ് അടക്കമുള്ള കാര്യങ്ങളെല്ലാം അന്വേഷണസംഘത്തിന് നല്‍കിയിട്ടുണ്ട്. കേസില്‍ അന്വേഷണം നടക്കുകയാണ്. താന്‍ ദിവ്യയെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. താന്‍ യോഗത്തിലേക്ക് ക്ഷണിച്ചു എന്നത് അവരുടെ ക്ലെയിം ആണല്ലോ എന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Signature-ad

ഇതേക്കുറിച്ച് താന്‍ ജഡ്ജ്മെന്റ് നടത്തുന്നതു ശരിയല്ല. നവീന്‍ബാബുവിന്റെ മരണത്തിനു ശേഷം ദിവ്യയുമായി സംസാരിച്ചിട്ടില്ല. യോഗത്തിനു ശേഷം എഡിഎം നവീന്‍ബാബുവുമായി സംസാരിച്ചിരുന്നുവോയെന്ന ചോദ്യത്തിന്, അന്വേഷണത്തിന്റെ ഭാഗമായതിനാല്‍ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു മറുപടി. താന്‍ അവധി അപേക്ഷ നല്‍കിയിട്ടില്ല. സ്ഥലംമാറ്റത്തിനും അപേക്ഷ നല്‍കിയിട്ടില്ല. അതെല്ലാം സര്‍ക്കാര്‍ തീരുമാനിക്കേണ്ടതാണ്. സര്‍ക്കാര്‍ തീരുമാനത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും.

എഡിഎം നവീന്‍ബാബുവുമായി നല്ല റിലേഷന്‍ഷിപ്പ് ആയിരുന്നു. അവധി നല്‍കാറുണ്ടായിരുന്നില്ലെന്ന എഡിഎമ്മിന്റെ കുടുംബത്തിന്റെ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, അത് ഇവിടെ പരിശോധിച്ചാല്‍ അറിയാമെന്ന് മറുപടി പറഞ്ഞു. വളരെ നല്ല വര്‍ക്കിങ് റിലേഷന്‍ഷിപ്പ് ആയിരുന്നു എഡിഎമ്മുമായിട്ട് ഉണ്ടായിരുന്നത്. പെട്രോള്‍ പമ്പ് എന്‍ഒസിയുമായി ബന്ധപ്പെട്ട് പി പി ദിവ്യയുമായി താന്‍ സംസാരിച്ചിട്ടില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.

പെട്രോള്‍ പമ്പ് എന്‍ഒസിയുമായി ബന്ധപ്പെട്ട ഫയലിന്റെ സ്‌ക്രൂട്ടിനി മാത്രമാണ് താന്‍ നടത്തിയത്. അത് അന്വേഷണമെന്ന് പറയാനാവില്ല. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ട് പുറത്തു വിടേണ്ടത് സര്‍ക്കാരാണ്. ഈ വിഷയങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പ് പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും അറിവുണ്ടായിരുന്നില്ല. ആരോപണങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: