തൃശ്ശൂര്‍: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ വീട്ടില്‍ക്കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ബസ് ഉടമയുടെ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. ബസിന് ഫിറ്റ്നസ് നല്‍കാത്തതിന്റെ പേരിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ ഒരു സംഘം വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയത്.
ആമ്പല്ലൂര്‍ റൂട്ടിലോടുന്ന മാതാ ബസ് ഉടമയുടെ സുഹൃത്തുക്കളായ വെണ്ടോര്‍ സ്വദേശി ജെന്സണ്, പുത്തൂര്‍ സ്വദേശി ബിജു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരിങ്ങാലക്കുട എഎംവിഐ: കെ.ടി. ശ്രീകാന്തിനെയാണ് സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. മാതാ ബസിന് ഫിറ്റ്നസ് നല്‍കാത്തതാണ് ഭീഷണിക്ക് കാരണം.
ബസുടമ സംഘം ഭീഷണിപ്പെടുത്താനെത്തുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനൊപ്പം ഗര്‍ഭിണിയായ ഭാര്യയായിരുന്നു വീട്ടിലുണ്ടായിരുന്നത്. സംഘമെത്തി ഭീഷണിപ്പെടുത്തിയതോടെ കുടുംബം ഭയപ്പെട്ടു.
വാഹനം കണ്ടു, പരിശോധിച്ചു, ഫിറ്റ് അല്ലെന്നതിനാലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നത്. ബസിന് ഒരു പണിയുമെടുക്കാതെ ഫിറ്റ്നസ് കിട്ടാനാണ് അവര്‍ ശ്രമിച്ചത്. പല രീതിയില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു. നടക്കാതെ വന്നപ്പോഴാണ് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയത്. ബസ് മോശം കണ്ടീഷനിലാണ്. അതുകൊണ്ടാണ് ഫിറ്റ്സന് നല്‍കാത്തത്. ഒരുപാട് വട്ടം ഫോണില്‍ കോളുവന്നു. മറ്റൊരു നവീന്‍ ബാബു ആകാതിരിക്കാനാണ് പരാതി നല്‍കിയതെന്നും പരാതി നല്‍കിയശേഷം അവധിയെടുത്ത് വീട്ടിലിരിക്കുകയാണെന്നും എഎംവിഐ: ശ്രീകാന്ത് മാധ്യമങ്ങളോടു പറഞ്ഞു.