ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗാന്‍ദെര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗീര്‍ മേഖലയില്‍ ഞായറാഴ്ച ഉണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ ഭീകരസംഘടനയായ ‘ദ് റെസിസ്റ്റന്‍സ് ഫ്രന്റെന്ന്’ സൂചന. പാക്കിസ്ഥാന്റെ പിന്തുണയുള്ള ഭീകരസംഘടനയായ ‘ദ് റെസിസ്റ്റന്‍സ് ഫ്രന്റിന്റെ’ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഈ വര്‍ഷം ജൂണില്‍ ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നിലും ‘ദ് റെസിസ്റ്റന്‍സ് ഫ്രന്റ്’ ആയിരുന്നു. ഇതിന് പിന്നാലെയാണ് കശ്മീരിനെ ഭീതിയിലാഴ്ത്തിയ മറ്റൊരു ഭീകരാക്രമണവും നടന്നിരിക്കുന്നത്. ഞായറാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 7 പേരാണ് കൊല്ലപ്പെട്ടത്.
കശ്മീരില്‍ ഭീകരാക്രമണം നടന്നതിനു പിന്നാലെ മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്‍ പിന്തുണയുള്ള ഭീകരസംഘടനയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ മേഖലയിലേക്കു തിരിച്ചത്. ഭീകരാക്രമണത്തിന് പിന്നില്‍ ‘ദ് റെസിസ്റ്റന്‍സ് ഫ്രന്റിന്റെ’ പങ്ക് പുറത്തുവന്നതോടെ കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും.
അതേസമയം, ഭീകരാക്രമണത്തിന് ശക്തമായി മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ഗഗന്‍ഗീറില്‍ തൊഴിലാളികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം ഭീരുത്വമാണെന്ന് അമിത് ഷാ എക്‌സില്‍ കുറിച്ചു. ഹീനമായ പ്രവൃത്തിയില്‍ ഉള്‍പ്പെട്ടവരെ വെറുതെ വിടില്ലെന്നും സുരക്ഷാ സേനയില്‍ നിന്ന് ഭീകരര്‍ക്ക് കടുത്ത പ്രതികരണം നേരിടേണ്ടി വരുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി.
ഗാന്‍ദെര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗീര്‍ മേഖലയില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഒരു ഡോക്ടറും 6 തൊഴിലാളികളും കൊല്ലപ്പെട്ടു. സോനാമാര്‍ഗ് മേഖലയില്‍ ശ്രീനഗര്‍ലേ തുരങ്കനിര്‍മാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു വെടിവയ്പുണ്ടായത്. ജോലി കഴിഞ്ഞു തൊഴിലാളികളും മറ്റു ജീവനക്കാരും ക്യാംപിലേക്കു തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം. ആക്രമണം നടത്തിയ 2 ഭീകരരെ കണ്ടെത്താന്‍ സുരക്ഷാസേന വ്യാപക തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം ഷോപിയാനില്‍ ബിഹാറില്‍നിന്നുള്ള തൊഴിലാളിയെയും ഭീകരര്‍ വെടിവച്ചുകൊന്നിരുന്നു.