ബംഗളൂരു: നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി കീരിത്തോട് കിഴക്കേപ്പാത്തിക്കല്‍ അനഘ ഹരിയെ (20) ആണ് ബംഗളൂരുവിലുള്ള ഹോസ്റ്റലില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ശരീരവേദനയാണെന്നു പറഞ്ഞു ക്ലാസില്‍ നിന്നു ഹോസ്റ്റലിലേക്കു മടങ്ങിയ അനഘയെ ഉച്ചയ്ക്ക് 2 മണിയോടെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നു സഹപാഠികള്‍ പൊലീസിനോടു പറഞ്ഞു.
മേദരഹള്ളി ധന്വന്തരി നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ ബിഎസ്സി വിദ്യാര്‍ഥിനിയാണ് അനഘ. രണ്ടുമാസത്തിനിടെ ഈ കോളജില്‍ ജീവനൊടുക്കുന്ന രണ്ടാമത്തെ മലയാളി വിദ്യാര്‍ഥിയാണ്. പാലക്കാട് സ്വദേശിനി അതുല്യ ഗംഗാധരന്‍ (19) കോളജിന്റെ ആറാം നിലയില്‍ നിന്നു ചാടി മരിച്ചത് ഓഗസ്റ്റിലാണ്. ഈ സംഭവത്തില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് ഭാരതീയ നഴ്‌സസ് ആന്‍ഡ് അലൈഡ് സംഘ് ഗവര്‍ണര്‍ക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
മൃതദേഹം ബംഗളൂരു വിക്ടോറിയ ഹോസ്പിറ്റലിലാണ്. വിവരമറിഞ്ഞ ബന്ധുക്കള്‍ അവിടേക്ക് തിരിച്ചിട്ടുണ്ട്. മാതാവ്: രാധ, സഹോദരന്‍: അനന്തു, അതുല്‍.