ചെന്നൈ: സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ മൊഴിയെടുക്കലിന് ഹാജരായി. കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈയിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ (എസ്.എഫ്.ഐ.ഒ.) വീണ ഹാജരായത്. ചെന്നൈയിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദാണ് മൊഴിയെടുത്തത്.
എട്ടുമാസമാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. ആ സമയപരിധി അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് വീണ വിജയനിലേക്ക് നേരിട്ട് അന്വേഷണമെത്തുന്നത്. മാസപ്പടി വിവാദമുണ്ടായി മാസങ്ങള്‍ക്കു ശേഷമാണ് എസ്.എഫ്.ഐ.ഒ നീക്കം. നേരത്തേ സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
മാസപ്പടി കേസില്‍ തനിക്ക് ബന്ധമില്ലെന്നാണ് വീണയുടെ നിലപാട്. താന്‍ ഐടി പ്രൊഫഷണല്‍ മാത്രമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
2016-17 മുതലാണ് എക്‌സാലോജിക്കിനു ശശിധരന്‍ കര്‍ത്തായുടെ കരിമണല്‍ കമ്പനി അക്കൗണ്ട് വഴി പണം കൈമാറിയത്. ഐടി അനുബന്ധ സേവനത്തിനാണു പണം നല്‍കിയതെന്നാണു സിഎംആര്‍എലിന്റെയും എക്‌സാലോജിക്കിന്റെയും വാദം. ഈ കാലഘട്ടത്തില്‍ പത്തിലധികം സ്ഥാപനങ്ങള്‍ എക്‌സാലോജിക്കുമായി വലിയ സാമ്പത്തിക ഇടപാടു നടത്തിയെന്നാണ് അക്കൗണ്ട് പരിശോധിച്ച് എസ്എഫ്‌ഐഒ കണ്ടെത്തിയത്. ശശിധരന്‍ കര്‍ത്തയുടെ കൊച്ചി മിനറല്‍സ് ആന്റ് റൂട്ടെല്‍ ലിമിറ്റഡ് വീണയുടെ കമ്പനിയ്ക്ക് 1.72 കോടി രൂപ നല്‍കിയതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു.