തിരുത്തൽ ശക്തിയായി സി.പി.ഐ വീണ്ടും രംഗത്ത്. എ.ഡി.ജി.പി അജിത് കുമാർ വിഷയത്തിൽ ഉറച്ച നിലപാടെടുത്ത സി.പി.ഐ ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് കൂടി വേണമെന്ന ആവശ്യവുമായി രംഗത്ത്. ബിജെപിക്ക് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരം ഒരുക്കരുതെന്ന് ബിനോയ് വിശ്വം തിരുവനന്തപുരത്ത് പറഞ്ഞു. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും സര്‍ക്കാര്‍ തീരുമാനം പിൻവലിക്കണം എന്ന് ആശ്യപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട: ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ ദേവസ്വം ബോർഡ് തീരുമാനം പുറത്തുവന്നതിന് പിന്നാലെ വ്യാപകമായ എതിർപ്പുകളും വിമർശനങ്ങളുമാണ് പല കോണുകളിൽ നിന്നും ഉയർന്നത്. ഈ നീക്കത്തിനെതിരെ ഹൈന്ദവ സംഘടനകൾ ശക്തമായ വിയോജിപ്പ് അറിയിച്ചതിന് പിന്നാലെ വിഷയം രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങുകയാണ് ബിജെപി.
നിലവിൽ പന്ത് സർക്കാരിന്റെ കോർട്ടിലാണ്. അന്തിമ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും എന്നാണ് ദേവസ്വം ബോർഡ് ചെയർമാൻ ഉൾപ്പെടെ അറിയിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലാതെ ശബരിമലയ്ക്ക് പോകുമെന്നും തടഞ്ഞാൽ പ്രതിഷേധിക്കും എന്നുമാണ് ബിജെപിയുടെ മുന്നറിയിപ്പ്. ശബരിമല വീണ്ടും ഒരു സമരകേന്ദ്രമാവുമോ എന്ന ആശങ്ക നിലനിൽക്കെയാണ് സി.പി.ഐ സർക്കാർ തീരുമാനത്തിനെതിരെ രംഗത്തു വന്നത്.
വിശ്വാസത്തിന്റെ പേരില്‍ ബിജെപിക്ക് രാഷ്ട്രീയ മുതലെടുപ്പിന് വീണ്ടുമൊരു അവസരം നല്‍കരുതെന്നാണ് സിപിഐ നിലപാട്. സര്‍ക്കാരിന് കടുംപിടുത്തമാണെന്ന് പ്രചരിപ്പിച്ച് ദൈവത്തിന്റെ പേരില്‍ ബിജെപി സംഘര്‍ഷം ഉണ്ടാക്കും. വെര്‍ച്ച്യുല്‍ ക്യുവിനൊപ്പം സ്പോട് ബുക്കിംഗും വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ് മുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐ..
യുഡിഎഫും ബിജെപിയും ഹൈന്ദവ സംഘടനകളുമെല്ലാം ശക്തമായ പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും തിരുത്തലിനായുള്ള ഇടപെടൽ പരസ്യമാക്കി. ആവശ്യം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയെ അറിയിച്ചു. യുവതീപ്രവേശന വിവാദത്തെ ഓർമ്മിപ്പിക്കും വിധം വൈകാരികമായാണ് ബിജെപി പ്രശ്നത്തെ ഏറ്റെടുക്കുന്നത്.
ദേവസ്വം ബോർഡ് ആവട്ടെ കടുത്ത വെട്ടിലാണ്. പ്രതിഷേധങ്ങള്‍ ശക്തിപ്പെടുമ്പോഴും തിരുത്ത് ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടത് മുഖ്യമന്ത്രിയാണ്. സ്ഥിതിഗതികൾ ദേവസ്വം ബോർഡ് പ്രസിഡണ്ടും അംഗങ്ങളും അടുത്ത ദിവസം മുഖ്യമന്ത്രിയെ അറിയിക്കും. എണ്ണം കുറച്ച് സ്പോട്ടിംഗ് ബുക്കിംഗിനാണ് ആലോചന. അതേ സമയം സ്പോട്ട് ബുക്കിംഗ് അമിതമായ ഏർപ്പെടുത്തിയാൽ കഴിഞ്ഞ തവണയുണ്ടായ അനിയന്ത്രിതമായ തിരക്ക് ആവർത്തിക്കുമെന്ന പ്രശ്നമുണ്ട്. എന്തായാലും പ്രശ്നത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റിയും ഇടപെടുമെന്നാണ് കരുതുന്നത്.