CrimeNEWS

വഴിയേ പോയ പണി ഇരന്ന് മേടിച്ച് ബീന ആന്റണിയും ഭര്‍ത്താവും; ആലുവാ നടിയുടെ പരാതിയില്‍ സ്വാസികയ്‌ക്കെതിരേയും കേസ്

കൊച്ചി: യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സിനിമാതാരങ്ങള്‍ക്കെതിരേ കേസ്. നടിമാരായ സ്വാസിക, ബീന ആന്റണി, ബീന ആന്റണിയുടെ ഭര്‍ത്താവും നടനുമായ മനോജ് എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ നെടുമ്പാശേരി പോലീസാണ് കേസെടുത്തത്.

താരങ്ങളായ ഇവര്‍ തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും നടന്മാര്‍ക്കെതിരേ നല്‍കിയിട്ടുളള പീഡന പരാതികളുടെ വിശ്വാസ്യത തകര്‍ക്കുന്നതിന് വേണ്ടി ചെയ്യുന്നതാണെന്നും നടി പറഞ്ഞു. കേസില്‍ നടി സ്വാസികയാണ് ഒന്നാം പ്രതി. ബീന ആന്റണി രണ്ടാം പ്രതിയും മനോജ് മൂന്നാം പ്രതിയുമാണ്.

Signature-ad

കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ബീന ആന്റണിയും ഭര്‍ത്താവ് മനോജും. ഇരുവര്‍ക്കും ഫീല്‍ഡിലെ അഡ്ജസ്റ്റ്‌മെന്റുകളെക്കുറിച്ച് നന്നായി അറിയുന്നവരാണ്. എന്നാല്‍, അവര്‍ അത് മറച്ച് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ശ്രമിക്കുകയാണെന്ന് ആലുവ സ്വദേശിയായ നടി ആരോപിക്കുന്നു. താന്‍ പണത്തിന് വേണ്ടി പ്രമുഖന്മാര്‍ക്കെതിരേ ആരോപണം ഉന്നയിക്കുകയും കരിവാരി തേക്കാന്‍ ശ്രമിക്കുകയുമാണെന്നാണ് ഇവര്‍ പറയുന്നതെന്നും നടി ആരോപിക്കുന്നു.

തനിക്ക് എന്താണ് സംഭവിച്ചതെന്ന് അവര്‍ക്ക് അറിയില്ല. അറിയാത്ത കാര്യങ്ങളെക്കുറിച്ച് മിണ്ടാതിരിക്കുകയാണ് വേണ്ടത്. ഇവര്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ താന്‍ നടന്മാര്‍ക്കെതിരേ നല്‍കിയിട്ടുളള പീഡന പരാതികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. താരങ്ങളെ ഇറക്കി എന്റെ പരാതിയുടെ വിശ്വാസ്യത തകര്‍ക്കാനാണ് ശ്രമിക്കുന്നത്. നിരവധി യൂട്യൂബ് ചാനലുകളില്‍ തന്നെപ്പറ്റി മോശം പരാമര്‍ശങ്ങള്‍ ഉണ്ടായി. എന്നാല്‍ അതിനെ കണക്കാക്കുന്നില്ല. പക്ഷേ ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തന്റെ കേസിനെ ബാധിക്കുമെന്നതിനാലാണ് ഇവര്‍ക്കെതിരേ പരാതി നല്‍കിയതെന്നും നടി പറഞ്ഞു.

പോക്‌സോ കേസ് വ്യാജം, ഇത് ഗുണ്ടായിസമെന്ന് നടി

തനിക്കെതിരായ പോക്‌സോ കേസ് വ്യാജമാണെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ ഇതുവരേയും തനിക്കെതിരേ യാതൊരു വിധ അന്വേഷണവും ആരംഭിച്ചിട്ടില്ലെന്നും ആലുവ സ്വദേശിയായ നടി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ആരും ഇതുവരേയും ബന്ധപ്പെട്ടിട്ടില്ല. ഇത് വ്യാജ പരാതിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തന്നെ മനസിലായിട്ടുണ്ട്. ചലച്ചിത്ര മേഖലയിലെ ഗുണ്ടായിസം ഇതാണ്. നടന്മാര്‍ക്കെതിരായ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് തനിക്കെതിരേ വ്യാജ പരാതി നല്‍കിയിരിക്കുന്നത്. വ്യാജ പരാതി, ഭീഷണി, മോര്‍ഫ് വീഡിയോ ഇതൊക്കെയാണ് പരാതി നല്‍കിയതിന്റെ പേരില്‍ നേരിടേണ്ടി വരുന്നത്. ഇതാണ് ഇവിടുത്തെ രീതി. ഇതിനെതിരേയെല്ലാം പരാതി നല്‍കിയിട്ടുണ്ട്. കേസിന്റെ അന്വേഷണ പുരോഗതി മനസിലാക്കിയതിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് പെണ്‍കുട്ടിക്കെതിരെ പരാതി നല്‍കുമെന്നും നടി കൂട്ടിച്ചേര്‍ത്തു.

Back to top button
error: