ആലപ്പുഴ: ജര്‍മനിയില്‍ ഉന്നതപഠനം നടത്തുകയായിരുന്ന മലയാളി യുവാവ് അക്രമിയുടെ കുത്തേറ്റു മരിച്ചു. മാവേലിക്കര മറ്റം വടക്ക് പൊന്നോലയില്‍ ആദം ജോസഫ് കാവുംമുഖത്ത് (ബിജുമോന്-30) ആണു കൊല്ലപ്പെട്ടത്. ബഹ്റൈനില്‍ ഫാര്‍മസിസ്റ്റ് ആയ ലില്ലി ഡാനിയലിന്റെയും പരേതനായ ജോസഫിന്റെയും മകനാണ്.
ബര്‍ലിന്‍ ആര്ഡേന് സര്‍വകലാശാലയില്‍ പഠിക്കുകയായിരുന്ന ആദമിനെ കഴിഞ്ഞ 30 മുതല്‍ കാണാതായിരുന്നു. ക്ലാസ് കഴിഞ്ഞു പാര്‍ട്ടൈം ജോലിക്കു ശേഷം സൈക്കിളില്‍ താമസസ്ഥലത്തേക്കു പോയ ആദം അവിടെ എത്തിയില്ല. ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കള്‍ നല്കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ ഒരു ആഫ്രിക്കന്‍ വംശജന്റെ വീട്ടില്‍ നിന്നു മൃതദേഹം കണ്ടെത്തി. കുത്തേറ്റു മരിച്ച നിലയിലായിരുന്നു.
തന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയയാള്‍ മല്‍പിടിത്തത്തിനിടെ കൊല്ലപ്പെട്ടെന്നാണ് ഇയാള്‍ പൊലീസില്‍ അറിയിച്ചത്. എന്നാല്‍ വഴിയിലുണ്ടായ ആക്രമണത്തിലാകണം ആദം കൊല്ലപ്പെട്ടത് എന്നാണു വിവരം. റോഡില്‍ ജഡം ഉപേക്ഷിച്ചാല്‍ പിടിക്കപ്പെടുമെന്നതിനാല്‍ ആഫ്രിക്കന്‍ വംശജന് സമീപത്തുള്ള അയാളുടെ വീട്ടിലേക്കു മൃതദേഹം കൊണ്ടുപോയതാണെന്നും ജര്‍മനിയില്‍ നിന്ന് ആദമിന്റെ വീട്ടുകാരെ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ തുടങ്ങി.
ആദമിന് ഒരു വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചിരുന്നു. പിന്നീടു മറ്റം വടക്ക് പൊന്നോലയില്‍ മാതൃസഹോദരി കുഞ്ഞുമോളുടെ വീട്ടിലാണു വളര്‍ന്നത്. ബിസിഎ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഒരു വര്‍ഷം മുന്‍പാണ് ഉന്നത പഠനത്തിനായി ജര്‍മനിയില്‍ പോയത്.