LocalNEWS

മകള്‍ക്ക് സ്വാഗതം പറഞ്ഞില്ല; മന്ത്രിയെ സാക്ഷിയാക്കി സിപിഐ നേതാവായ പിതാവിന്റെ രോഷപ്രകടനം

ഇടുക്കി: മന്ത്രിയോടൊപ്പം വേദി പങ്കിട്ട ബ്ലോക്ക് പഞ്ചായത്തംഗവും മകളുമായ യുവതിക്ക് സ്വാഗതപ്രസംഗകന്‍ സ്വാഗതം ആശംസിക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐ ജില്ലാ നേതാവിന്റെ രോഷപ്രകടനം. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.പളനിവേലാണ് മന്ത്രി ജി.ആര്‍.അനിലിന്റെയും മറ്റു നേതാക്കളുടെയും സാന്നിധ്യത്തില്‍ രോഷാകുലനായി ബഹളം വച്ചത്.

ഇന്നലെ നയമക്കാട്ട്, സഞ്ചരിക്കുന്ന റേഷന്‍കടയുടെ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. സ്വാഗതപ്രസംഗം പറഞ്ഞ ജില്ലാ സപ്ലൈ ഓഫിസര്‍ ബൈജു കെ.ബാലന്‍ നോട്ടീസില്‍ പേരുണ്ടായിരുന്ന ദേവികുളം ബ്ലോക്ക് പഞ്ചായത്തംഗം പി.ജയലക്ഷ്മിയുടെ പേര് പറയാന്‍ വിട്ടുപോയി. ഇതിനു ശേഷം എ.രാജ എംഎല്‍എ അധ്യക്ഷപ്രസംഗം തുടങ്ങിയതോടെയാണ് സദസ്സിലിരുന്ന പളനിവേല്‍ ബഹളംവച്ച് മകളോട് വേദിവിട്ടിറങ്ങാന്‍ ആവശ്യപ്പെട്ടത്. ഇതോടെ ഇവര്‍ വേദിവിട്ട് സദസ്സിലെത്തി.

Signature-ad

നേതാവ് ബഹളംവച്ചതോടെ മന്ത്രിയും വേദിയിലുണ്ടായിരുന്നവരും അങ്കലാപ്പിലായി. ഇതോടെ എംഎല്‍എ സംഭവത്തില്‍ ക്ഷമാപണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗത്തിന് സ്വാഗതം പറഞ്ഞ് മടക്കി വേദിയില്‍ കയറ്റിയതോടെയാണ് നേതാവിന്റെ രോഷം അടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: