NEWSPravasi

പ്രവാസികള്‍ ജാഗ്രതൈ! സൂക്ഷിച്ചില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് കാലിയാകും; മുന്നറിയിപ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ്: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇമിഗ്രേഷന്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തില്‍ നിന്നെന്ന പേരില്‍ ഫോണ്‍ കോളുകള്‍ വരുമ്പോള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്. ഇത്തരം ഫോണ്‍ കോളുകള്‍ വ്യാജമാണെന്നും യാതൊരുവിധ വിവരങ്ങളും പങ്കുവയ്ക്കരുതെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍, പ്രവാസി ഭാരതീയ സഹായതാ കേന്ദ്ര ടെലിഫോണ്‍ നമ്പര്‍: 80046342 പ്രതിഫലിപ്പിക്കുന്ന വ്യാജ കോളുകള്‍ സംബന്ധിച്ച് ദുബായിലെയും വടക്കന്‍ എമിറേറ്റുകളിലെയും പ്രവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഒന്നിലധികം ഇന്ത്യന്‍ ഭാഷകളിലാണ് മുന്നറിയിപ്പ് സന്ദേശം പങ്കുവച്ചത്. നിലവിലില്ലാത്ത ചില ഇമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്ന വ്യാജേന വിളിക്കുന്നയാള്‍ പണം തട്ടാന്‍ ശ്രമിക്കുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.

Signature-ad

‘ഇമിഗ്രേഷനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോണ്‍സുലേറ്റ് ഇന്ത്യന്‍ പൗരന്മാരെ വിളിക്കില്ല. ദയവായി അത്തരം വിളിക്കുന്നവരുമായി ഇടപഴകരുത്, പണം കൈമാറരുത്. കോണ്‍സുലേറ്റ് സ്വകാര്യ വിവരങ്ങളോ ഒടിപിയോ പിന്‍ നമ്പറുകളോ ബാങ്ക് വിവരങ്ങളോ നിങ്ങളില്‍ നിന്ന് ആവശ്യപ്പെടില്ല.’- കോണ്‍സുലേറ്റ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അടുത്തിടെ, യുഎഇയുടെ ഫെഡറല്‍ ടാക്‌സ് അതോറിറ്റി സൈബര്‍ കുറ്റവാളികളുടെ ഇമെയില്‍ ഫിഷിംഗ് തട്ടിപ്പുകളെ കുറിച്ച് താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ജാഗ്രത പാലിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.

കൂടാതെ പ്രവാസികളില്‍ നിന്നും പണം തട്ടല്‍ ലക്ഷ്യമാക്കിയുള്ള നിരവധി തട്ടിപ്പുകളെക്കുറിച്ച് ഗള്‍ഫ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ഫുഡ് ഡെലിവറി ആപ്പുമായി ബന്ധപ്പെട്ട ഒരു തട്ടിപ്പില്‍ കുരുങ്ങി പ്രവാസി വനിതയ്ക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടമായിട്ടുണ്ട്. അതുകൊണ്ട് വലിയ രീതിയിലുള്ള മുന്നറിയിപ്പാണ് യുഎഇ ഭരണകൂടം പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും നല്‍കുന്നത്.

 

 

Back to top button
error: