KeralaNEWS

ആര്‍എസ്എസ് നേതാക്കളുമായി എ.ഡി.ജി.പിയുടെ കൂടിക്കാഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി എം ആര്‍ അജിത്കുമാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. എം ആര്‍ അജിത് കുമാര്‍ എന്തിന് കൂടിക്കാഴ്ച നടത്തി എന്നതിനെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി എം ആര്‍ അജിത്കുമാര്‍ നടത്തിയ കൂടിക്കാഴ്ച എല്‍ഡിഎഫ് മുന്നണിക്കകത്തും സിപിഎമ്മിനുള്ളിലും വലിയ ചര്‍ച്ചാവിഷയമായിരുന്നു. അജിത് കുമാറിനെതിരെ നടപടി വേണമെന്ന തരത്തിലായിരുന്നു പല നേതാക്കളും വിമര്‍ശനം ഉന്നയിച്ചത്. സ്വകാര്യ സന്ദര്‍ശനത്തില്‍ എന്താണ് തെറ്റ് എന്ന തരത്തില്‍ മറ്റു ചില നേതാക്കള്‍ അജിത് കുമാറിനെ പിന്തുണയ്ക്കുകയും ചെയ്തു. ആര്‍എസ്എസ് നേതാക്കളുമായി എം ആര്‍ അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയതായുള്ള വാര്‍ത്തകള്‍ വന്ന് 20 ദിവസത്തിന് ശേഷമാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി എന്തിന് കൂടിക്കാഴ്ച നടത്തി എന്നതിനെ കുറിച്ച് അന്വേഷിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.

Signature-ad

രണ്ടു ആര്‍എസ്എസ് നേതാക്കളുമായാണ് എം ആര്‍ അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. തൃശൂരിലും തിരുവനന്തപുരത്തും വച്ചായിരുന്നു കൂടിക്കാഴ്ച. തിരുവനന്തപുരത്ത് വച്ച് രാം മാധവുമായും തൃശൂരില്‍ ദത്താത്രേയ ഹൊസബാളെയുമായാണ് അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. പത്തുദിവസത്തിന്റെ ഇടവേളയിലായിരുന്നു കൂടിക്കാഴ്ച. ദത്താത്രേയ ഹൊസബാളെയുമായുള്ള കൂടിക്കാഴ്ചയുടെ വിവരം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് രാംമാധവുമായും അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും പുറത്തുവന്നത്.

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ അന്ന് സമ്മതിച്ചിരുന്നു. സ്വകാര്യ സന്ദര്‍ശനം ആണെന്ന് ഇക്കാര്യം അന്വേഷിച്ച മുഖ്യമന്ത്രിയുടെ ഓഫീസിനോട് എഡിജിപി വിശദീകരണം നല്‍കിയെന്നാണ് അറിയുന്നത്.

 

Back to top button
error: