കണ്ണൂര്‍: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തില്‍ വിഷപ്പാമ്പ്. വ്യാഴാഴ്ച രാത്രി ഒന്‍പതോടെയാണ് പാമ്പിനെ കണ്ടത്. പുറത്തിരിക്കുകയായിരുന്ന കൂട്ടിരിപ്പുകാരാണ് ഐ.സി.യുവില്‍നിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കണ്ടത്. ഇവര്‍ പരിഭ്രാന്തരായി ബഹളം വെച്ചപ്പോള്‍ ഓടിയെത്തിയവര്‍ പാമ്പിനെ നീക്കി.
വെള്ളിക്കെട്ടന്‍ എന്ന പാമ്പാണിതെന്നാണ് പ്രാഥമിക വിവരം. മെഡിക്കല്‍ കോളേജിന്റെ എട്ടാംനിലയിലേക്ക് പടര്‍ന്നുകയറിയ കാട്ടുവള്ളിയിലൂടെ മൂര്‍ഖന്‍പാമ്പ് വാര്‍ഡിലേക്ക് കയറിയ സംഭവം മുന്‍പ് ഉണ്ടായിരുന്നു. ചുറ്റുപാടും പടര്‍ന്നുകയറിയ ചെടികളിലൂടെയാണ് പാമ്പ് ഐ.സി.യു.വിലേക്ക് കടന്നതെന്നാണ് സൂചന. പതിനഞ്ച് കുട്ടികളും നഴ്‌സുമാരുമാണ് ഐ.സി.യുവില്‍ ഉണ്ടായിരുന്നത്. ഐ.സി.യുവിന് പുറത്തെ വരാന്തയിലാണ് കൂട്ടിരിപ്പുകാര്‍ രാത്രിയില്‍ ഉറങ്ങാറുള്ളത്.