ചെന്നൈ: കൊലക്കേസ് പ്രതിയെ വീട്ടുജോലി ചെയ്യിച്ചശേഷം മോഷണക്കുറ്റം ആരോപിച്ചു ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ വെല്ലൂര്‍ ജയില്‍ ഡിഐജി രാജലക്ഷ്മിയെ ചുമതലകളില്‍നിന്നു നീക്കി കാത്തിരിപ്പു പട്ടികയിലാക്കി. ജീവപര്യന്തം തടവുകാരനായ കൃഷ്ണഗിരി സ്വദേശി ശിവകുമാറിനെ കൊണ്ടാണ് രാജലക്ഷ്മി വീട്ടുജോലി ചെയ്യിപ്പിച്ചത്.
അതിനിടെ, രാജലക്ഷ്മിയുടെ വീട്ടില്‍നിന്ന് 4.25 ലക്ഷം രൂപയും ആഭരണങ്ങളും വെള്ളി ഉരുപ്പടികളും മോഷണം പോയി. ശിവകുമാറാണ് ഇതു മോഷ്ടിച്ചതെന്നും ഇയാള്‍ കുഴിച്ചിട്ട ആഭരണങ്ങള്‍ കണ്ടെത്തിയെന്നുമാണു ജയില്‍ അധികൃതര്‍ പറയുന്നത്.
തുടര്‍ന്ന്, രാജലക്ഷ്മിയുടെ നിര്‍ദേശപ്രകാരം ജയില്‍ ജീവനക്കാര്‍ ശിവകുമാറിനെ ക്രൂരമായി മര്‍ദിച്ചു. പിന്നീട്, ശിവകുമാറിന്റെ മാതാവ് ഹൈക്കോടതിയെ സമീപിച്ചതോടെ വെല്ലൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനെ അന്വേഷണത്തിനു നിയോഗിച്ചു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച ഹൈക്കോടതി ക്രൈംബ്രാഞ്ചിനെ അന്വേഷണത്തിനു ചുമതലപ്പെടുത്തി. ഈ സംഘത്തിന്റെ അന്വേഷണത്തിനു പിന്നാലെയാണ് രാജലക്ഷ്മി ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ 5 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.