തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെ ഡിജിപിയുടെ അന്വേഷണത്തിന് പുറമെ വിജിലന്‍സ് അന്വേഷണത്തിനും നീക്കം. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണിത്. പി.വി അന്‍വര്‍ എംഎല്‍എയുടെ പരാതിയില്‍ വിജിലന്‍സ് അന്വേഷണവും വേണമെന്ന് ഡിജിപി ശുപാര്‍ശ ചെയ്തു. ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി. വിഷയത്തില്‍ മുഖ്യമന്ത്രി വ്യാഴാഴ്ച തീരുമാനമെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
എഡിജിപിക്കെതിരായ ആരോപണങ്ങളില്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിലപാട് കടുപ്പിക്കുയാണ്. അന്വേഷണം വളരെ ?ഗൗരവത്തോടെ മുന്നോട്ട് കൊണ്ടുപോകാനാണ് ഡിജിപിയുടെ തീരുമാനം. തട്ടികൊണ്ടുപോകല്‍, കൊലപാതകമടക്കമുള്ള ആരോപണങ്ങളാണ് ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്നത്. അനധികൃത സ്വത്തുസമ്പാദനമുള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ഡിജിപിയുടെ ആവശ്യം.
കൂടാതെ, എംഎല്‍എയുടെ പരാതിയില്‍ എഡിജിപി എംആര്‍ അജിത്കുമാറിന്റെ മൊഴി രേഖപ്പെടുത്തുന്നതിന് ഡിജിപി നോട്ടീസ് നല്‍കും. നേരിട്ടോ, എഴുതി തയാറാക്കിയോ മൊഴി രേഖപ്പെടുത്തുന്നതിനാണ് നിര്‍ദേശമെന്നാണ് വിവരം. ഓണത്തിന് ശേഷമായിരിക്കും നടപടി.