അതിരില്ലാത്ത പോഷകസമൃദ്ധി; ഏതു മണ്ണിലും വളരും മുതിര
പയറുവര്‍ഗ്ഗ വിളകളില്‍ പോഷകസമൃദ്ധിയില്‍ മുന്‍പന്തിയിലാണ് മുതിര. ഭാരതത്തില്‍ പണ്ടു മുതല്‍ലേ ഇത് കൃഷി ചെയ്യുന്നു. പന്തയക്കുതിരകളുടെ കായികക്ഷമതയ്ക്ക് ഏറെ സഹായിക്കുന്ന വിഭവമാണ് മുതിര. അതുകൊണ്ടാണ് ‘മുതിര’യ്ക്ക് (Horsegram) എന്ന പേരു കിട്ടിയത്. പോഷകസമൃദ്ധിയും പ്രതികൂലസാഹചര്യങ്ങളില്‍ വളരാനുളള കഴിവും മാംസ്യം, കാര്‍ബോഹൈഡ്രേറ്റ്, കാല്‍സ്യം, ഇരുമ്പ് മുതലായവയുടെ സമൃദ്ധി കൊണ്ടും ‘ഭാവിയുടെ ഭക്ഷണം’ എന്നാണ് മുതിരയെ വിശേഷിപ്പിച്ചിരിക്കുന്നത്.
പോഷകമേ
മാംസ്യം, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ധാരാളം. എന്നാല്‍ കൊഴുപ്പ് തീരെ കുറവ്. കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ്, മോളിബ്ഡിനം എന്നിവ കൂടാതെ കരോട്ടിന്‍, തയമിന്‍, റൈബോഫ്ളാവിന്‍, നിയസിന്‍ എന്നിവയിലുമുണ്ട്. മുതിരയിലെ അന്നജം സാവധാനം ദഹിക്കുന്നതുമാണ്.
മുതിരയും ആരോഗ്യസംരക്ഷണവും
* പ്രമേഹം
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഹൈപ്പര്‍ഗ്ലൈസീമിയ, ശരീരത്തിലെ ഇന്‍സുലിന്‍ പ്രതിരോധം എന്നിവ കുറയ്ക്കാന്‍ മുതിര ഉത്തമമാണ്.
* കൊളസ്ട്രോള്‍
രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മുതിര വേണം. മുതിരയുടെ നിരന്തര ഉപയോഗം രക്തക്കുഴലുകളില്‍ അടിഞ്ഞു കൂടിയ ചീത്ത കൊളസ്ട്രോള്‍ നീക്കും.
* പൊണ്ണത്തടി
മുതിരയിലെ ഫിനോള്‍ ശരീരത്തിലെ ദുര്‍മേദസ്സ് നീക്കി പൊണ്ണത്തടി നിയന്ത്രിക്കും. തടി കുറയ്ക്കാന്‍ മുതിര കഴിക്കാം.
* കണ്‍ജങ്റ്റിവിറ്റിസ് (നേത്രരോഗം)
മുതിര ഇട്ട് വച്ച വെളളം കൊണ്ട് കണ്ണു കഴുകുന്നത് നേത്രരോഗം പ്രതിരോധിക്കാന്‍ സഹായിക്കും. ഇതിലുളള അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളാണ് ഇങ്ങനെ സഹായിക്കുന്നത്.
* ദഹനം
വെറും വയറ്റില്‍ മുതിര കഴിച്ചാല്‍ ദഹനക്കേടിന്റെ പ്രശ്നങ്ങള്‍ ഒഴിവാക്കാം.
* പനി, ജലദോഷം
മുതിരയുടെ ഉപയോഗം ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിച്ച് രോഗശാന്തി തരും.
* ആസ്ത്മ, ബ്രോങ്കൈറ്റിസ്
മുതിര സൂപ്പാക്കി ഉപയോഗിച്ചാല്‍ ശ്വാസനാളികളിലെ തടസ്സം നീക്കി മ്യൂക്കസ് പാടകള്‍ മൃദുലമാക്കും.
* ആര്‍ത്തവ പ്രശ്നങ്ങള്‍
മുതിരയിലെ ഉയര്‍ന്ന ഇരുമ്പിന്റെ സാന്നിദ്ധ്യം രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവ് വേണ്ടതുപോലെ ക്രമീകരിച്ച് ആര്‍ത്തവപ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.
* വൃക്കയിലെ കല്ല്
മുതിരയിലെ ഇരുമ്പിന്റെയും പോളിഫിനോളുകളുടെയും സാന്നിദ്ധ്യം വൃക്കയില്‍ കല്ലുണ്ടാകുന്നത് തടയും.
മുതിരകൃഷി
കരപ്പാടങ്ങളില്‍ രണ്ടാം വിളയായി മുണ്ടകന്‍ കാലത്തും ഞാറു പറിച്ചു മാറ്റിയ ഞാറ്റുവട്ടികളിലും പളളിയാല്‍ ഭൂമികളില്‍ ആദ്യവിളയ്ക്ക് ശേഷവും മുതിര കൃഷിചെയ്യാം. മുതിര പൊതുവെ പ്രകാശസംവേദന ശീലം കാണിക്കാറുണ്ട്. അതുകൊണ്ട് മറ്റു സമയങ്ങള്‍ അനുയോജ്യം അല്ല. സാധാരണ 80-58 ദിവസമാണ് മൂപ്പ്. CO – 1, പട്ടാമ്പി ലോക്കല്‍ എന്നിവയാണ് പ്രധാന ഇനങ്ങള്‍. കേരളത്തില്‍ മുതിര കൃഷി താരതമ്യേന കുറവാണ്.
പത്തു സെന്ററിന് 1-1.2 കി. ഗ്രാം വിത്ത് വേണം പച്ചത്തീറ്റയ്ക്ക് വേണ്ടിയാണെങ്കില്‍ 1.6 കി.ഗ്രാം വിത്ത് മതി. വിതയോ, നൂരിയിടലോ നടത്താം. നുരിയിടുമ്പോള്‍ വരികള്‍ തമ്മില്‍ 30 സെ.മീ അകലം കൊടുക്കാം. കാര്യമായ വളപ്രയോഗം വേണ്ട. സെന്റിന് 2.5 കി.ഗ്രാം കുമ്മായം ചേര്‍ക്കാം. സെന്റിന് 10 ഗ്രാം യൂറിയയും 500 ഗ്രാം രാജ്ഫോസും അടിവളമായി പ്രയോഗിക്കാം.
ക്ഷാരമണ്ണ് ഒഴികെ എല്ലാ മണ്ണിലും ജൂലൈ മാസം മുതിര കൃഷിയിറക്കാം. ഈ സമയം കൃഷിയിറക്കിയാല്‍ ഒക്ടോബര്‍-ഡിസംബര്‍ മാസം വിളവെടുക്കാം. കേരളത്തില്‍ മുണ്ടകന്‍ വിളയും ഞാറ്റടിക്കുശേഷം അവിടെ മുതിര കൃഷി ചെയ്യുന്നത് പതിവാണ്.
വേനലിനെ അതിജീവിക്കാന്‍ മുതിരയ്ക്കു കഴിയും. നിലമൊരുക്കി വിത്തു വിതയ്ക്കാം. വിതച്ചു നാലര മാസം കൊണ്ട് വിളവെടുക്കാം. ചെടി ചുവടോടെ പിഴുത് കളങ്ങളില്‍ നിരത്തി വിത്തുകള്‍ പൊഴിക്കാം.