HealthNEWS

ഒരു തുള്ളി മരുന്ന് മതി കണ്ണട ഒഴിവാക്കാം; വെള്ളെഴുത്തിന് പരിഹാരമായി ‘ഐ ഡ്രോപ്‌സ്’

മുംബൈ: പ്രായമായവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് വെള്ളെഴുത്ത്. കണ്ണടയില്ലാതെ ഒരു വാക്ക് പോലും വായിക്കാന്‍ സാധിക്കാത്ത അവസ്ഥ. എന്നാല്‍ ഇനി മുതല്‍ വെള്ളെഴുത്ത് ബാധിച്ചവര്‍ക്ക് കണ്ണടകള്‍ ആവശ്യമില്ല. ഇതിനായുള്ള ഐഡ്രോപ്‌സ് വികസിപ്പിച്ചിരിക്കുകയാണ് മുംബൈയിലെ എന്റോഡ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ (ഡിജിസിഐ), സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്‌സിഒ) എന്നിവയുടെ അംഗീകാരം ലഭിച്ചതോടെ പ്രസ് വ്യൂ ഐഡ്രോപ്‌സ് വിപണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

350 രൂപയാണ് മരുന്നിന്റെ വില. ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മാത്രമേ മരുന്ന് ലഭിക്കൂ. ഒരു തുള്ളി ഒഴിച്ചാല്‍ 15 മിനിറ്റിനുള്ളില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. അടുത്ത 6 മണിക്കൂര്‍ തെളിഞ്ഞ കാഴ്ച ലഭിക്കും. 3 മുതല്‍ 6 മണിക്കൂറിനുള്ളില്‍ രണ്ടാമതൊരു തുള്ളി കൂടി ഒഴിച്ചാല്‍ കൂടുതല്‍ സമയം മികച്ച കാഴ്ച ലഭിക്കും. ഇതോടെ, കണ്ണട ഉപയോഗം ഒഴിവാക്കാമെന്നു എന്റോഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സിഇഒ നിഖില്‍ കെ. മസുര്‍ക്കര്‍ അവകാശപ്പെടുന്നു. ലോകമെമ്പാടുമുള്ള 1.09 ബില്യണ്‍ മുതല്‍ 1.80 ബില്യണ്‍ വരെ ആളുകള്‍ക്ക് വെള്ളെഴുത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Signature-ad

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മരുന്നുകളുടെ നിര്‍മാണത്തിനായി കമ്പനി പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. ഈ ഐഡ്രോപ്‌സ് വര്‍ഷങ്ങളോളം ഉപയോഗിക്കാമെന്നും കമ്പനി വ്യക്തമാക്കുന്നു. ”നേത്രചികിത്സാ രംഗത്ത ഒരു വലിയ ചുവടുവെപ്പാണ് പ്രസ് വ്യൂ ഐ ഡ്രോപ്‌സ്. വെള്ളെഴുത്ത് മൂലം കഷ്ടപ്പെടുന്നവര്‍ക്ക് കണ്ണടയില്ലാതെ വായിക്കാന്‍ ഇത് സഹായിക്കുന്നു” ലുപിന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റായ ഡോ. ധനഞ്ജയ് ബഖ്ലെ പറഞ്ഞു.

ഒക്ടോബര്‍ ആദ്യവാരം മുതല്‍ പ്രസ് വ്യൂ ഐഡ്രോപ്‌സുകള്‍ വിപണിയില്‍ ലഭ്യമാകും. 40നും 55നും ഇടയില്‍ പ്രായമുള്ള വെള്ളെഴുത്ത് ബാധിച്ചവരെ ലക്ഷമിട്ടാണ് മരുന്ന് പുറത്തിറക്കിയിരിക്കുന്നത്.

 

 

 

Back to top button
error: