കാലടി സര്‍വ്വകലാശാലയ്ക്കെതിരെ വീണ്ടും നിയമന പരാതി
വിവാദങ്ങള്‍ പുകയുന്നതിനിടെ കാലടി സര്‍വ്വകലാശാലയ്ക്കെതിരെ വീണ്ടും നിയമനപരാതി. മലയാളം അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിലാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. എസ്.ഐ.യു.സി നാടാര്‍ സംവരണ വിഭാഗത്തില്‍ ഉയര്‍ന്ന യോഗ്യതയുളള ഉദ്യോഗാര്‍ത്ഥിയെ തഴഞ്ഞ് യു.ജി.സി നെറ്റ് യോഗ്യതയില്ലാത്തയാള്‍ക്ക് ജോലി നല്കി എന്നാണ് പരാതി. ഇത് സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥി ഗവര്‍ണര്‍ക്ക് പരാതി നല്കി.
മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മൂന്ന് ഒഴിവുകളാണ് ഉണ്ടായിരുന്നത്. മുസ്ലിം സംവരണം-1, ക്രിസ്ത്യന്‍ നാടാര്‍ വിഭാഗം-1, ധീവര വിഭാഗം-1 എന്നിങ്ങനെ ആയിരുന്നു ഒഴിവുകള്‍. ഇതിലേക്കുള്ള ചുരുക്കപ്പട്ടികയാണ് തയ്യാറാക്കിയത്. ചുരുക്കപ്പട്ടികയിലെ ആദ്യ മൂന്നുപേര്‍ മുസ്ലിം സംവരണ വിഭാഗത്തിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തില്‍ രണ്ടുപേരുടെ ചുരുക്കപ്പട്ടികയാണ് തയ്യാറാക്കിയത്. ധീവര വിഭാഗത്തില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇപ്പോള്‍ വിവാദം ഉയര്‍ന്നിരിക്കുന്നത് ക്രിസ്ത്യന്‍ നാടാര്‍ വിഭാഗവുമായി ബന്ധപ്പെട്ടാണ്. ഈ വിഭാഗത്തില്‍ രണ്ടുപേരാണ് ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍, തനിക്കായിരുന്നു കൂടുതല്‍ യോഗ്യതയെന്നാണ് ഉദ്യോഗാര്‍ത്ഥി പറയുന്നത്.