ബെര്‍ലിന്‍: ജര്‍മനിയിലെ സോലിങ്കനില്‍ കത്തിയാക്രമണത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് ഗുരുതര പരുക്ക്. നഗര വാര്‍ഷികാഘോഷ ചടങ്ങുകള്‍ക്കിടെ വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 9.30ഓടെയാണ് സംഭവം. അക്രമി ഒളിവിലാണ്.
അക്രമി ഒറ്റയ്ക്കായിരുന്നെന്നും നഗരത്തിലെത്തി ആളുകളെ ആക്രമിച്ച ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും നഗരത്തില്‍ പരിശോധന ശക്തമാക്കിയെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ബോധപൂര്‍വമായ ആക്രമണമാണെന്നാണ് കരുതുന്നതെന്നും ഭീകരാക്രമണമാണോ എന്നതിന് ഇതുവരെ തെളിവുകളില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവ സ്ഥലത്ത് പൊലീസ് പട്രോളിങ് തുടരുന്നു.
മൂന്നു ദിവസം നീണ്ടു നില്ക്കുന്ന നഗര വാര്‍ഷികാഘോഷ ചടങ്ങുകള്‍ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. പരിപാടികള്‍ക്കായി നിരവധി പേര് എത്തിയിരുന്നു. സംഗീത പരിപാടി നടക്കുന്നതിനിടെയാണ് ആക്രമണം നടത്തിയത്.