നിരീക്ഷണബുദ്ധിയാണ് പ്രശ്നപരിഹാരങ്ങൾക്കുള്ള ഉപായം, അല്ലെങ്കിൽ വേഗം ചതിയിൽ വീഴും
വെളിച്ചം
വളരെ ക്ഷീണിതനായാണ് വിറകുവെട്ടുകാരന്‍ ആ മരച്ചുവട്ടില്‍ കിടന്നുറങ്ങിയത്. കുറേ നേരം കഴിഞ്ഞപ്പോള്‍ അയാളുടെ മുഖത്തേക്ക് കടുത്ത വെയിൽ വീണു തുടങ്ങി. ഇത് കണ്ട് ഒരു അരയന്നം ചിറകുവിരിച്ച് അയാളുടെ മുഖത്തേക്ക് വീഴുന്ന വെയിലിനെ തടഞ്ഞു.
അല്പ നേരം കഴിഞ്ഞ് ഒരു കാക്ക താഴത്തെ കൊമ്പില്‍ വന്നിരുന്നു. അത് വിറകുവെട്ടുകാരന്റെ മുഖത്ത് കാഷ്ഠിച്ചശേഷം പറന്നുപോയി. കണ്ണ്തുറന്ന വിറകുവെട്ടുകാരന്‍ കാണുന്നത് അരയന്നത്തെയാണ്. അയാള്‍ അതിനെ അമ്പെയ്തു വീഴ്ത്തി. മരണത്തോട് മല്ലടിക്കുന്നതിനിടയില്‍ അരയന്നം ചോദിച്ചു:
“ഞാന്‍ നിങ്ങള്‍ക്ക് തണലേകുകയാണ് ചെയ്തത്. ആ കാക്കയാണ് കാഷ്ഠിച്ചത്. പിന്നെന്തിനാണ് എന്നെ മുറിവേല്‍പ്പിച്ചത്…?”
അയാള്‍ പറഞ്ഞു:
“കാക്കവന്നയുടനെ പറന്നുപോകാതിരുന്നതാണ് നീ ചെയ്ത തെറ്റ്… !”
ഒരു ആപ്പിള്‍ കേടായാല്‍ അത് ആ കൂടയില്‍ നിന്നും എടുത്തുമാറ്റണം. അല്ലെങ്കില്‍ അത് മറ്റുള്ളവ കൂടി നശിപ്പിക്കും. നന്മയുടെ കാര്യത്തിലും മുന്‍വിധി പാടില്ല. സഹചാരികൾ എല്ലാവരും സുകൃതം ചെയ്യുന്നവരോ സമനസ്സുകളോ ആകണമെന്നില്ല. ഓരോരുത്തരും തങ്ങളുടേതായ പെരുമാറ്റശൈലിയുമായാണ് ജീവിക്കുന്നത്. അവയില്‍ ഉപയോഗപ്രദമായവയും ഉപദ്രവകരമായവയും ഉണ്ടാകും. സ്വന്തം യാത്രകള്‍ക്ക് ഉപകരിക്കുന്നവയെ സ്വീകരിക്കാനും അല്ലാത്തവയെ തിരസ്‌കരിക്കാനും ഉളള സാമാന്യ ബോധമാണ് ഓരോ യാത്രയുടേയും തുടര്‍ച്ച തീരുമാനിക്കുന്നത്.
നിരീക്ഷണബുദ്ധിയോടെ പ്രശ്നങ്ങളെ സമീപിക്കുക മാത്രമാണ് പരിഹാരം.
സന്തോഷഭരിതമായ ശുഭദിനം നേരുന്നു.
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ