കൊച്ചി:വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പേരിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. നടനും അഭിഭാഷകനും കാസര്‍കോട് സ്വദേശിയുമായ സി.ഷുക്കൂറിന്റെ ഹര്‍ജിയാണു കോടതി പിഴയടക്കം തള്ളിയത്. മാത്രമല്ല, ഹര്ജിക്കാരന് കാല് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, വി.എം.ശ്യാം കുമാര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഹര്‍ജിയില്‍ പൊതുതാല്പര്യം എന്തെന്നും കോടതി ചോദിച്ചു. ഹര്‍ജി പബ്ലിസിറ്റി സ്റ്റണ്ടാണെന്നും കോടതി വിമര്‍ശിച്ചു. വയനാട് ദുരന്തത്തിന്റെ പേരില്‍ നടത്തുന്ന പണപ്പിരിവും മറ്റും പൂര്‍ണമായി സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഷുക്കൂറിന്റെ ഹര്‍ജി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സംഘടനകള്‍ പണം പിരിക്കുന്നുണ്ടെന്നും അതില്‍ സുതാര്യത വരുത്താനാണ് സര്‍ക്കാര്‍ മേല്‍നോട്ടം വേണ്ടതെന്നുമായിരുന്നു വാദം.