CrimeNEWS

വിവാഹമോചനത്തര്‍ക്കം; റിട്ട.എഐജി സിവില്‍ സര്‍വീസ് മരുമകനെ കോടതിവളപ്പില്‍ വെടിവെച്ചുകൊന്നു

ചണ്ഡീഗഡ്: പഞ്ചാബ് പൊലീസ് റിട്ട.എഐജി മരുമകനെ കോടതിവളപ്പില്‍ വെടിവെച്ചുകൊന്നു. ഇന്ത്യന്‍ സിവില്‍ അക്കൗണ്ട് സര്‍വീസ് (ഐസിഎഎസ്) ഉദ്യോഗസ്ഥനായ ഹരിപ്രീത് സിങാണ് കൊല്ലപ്പെട്ടത്. ഹരിപ്രീത് സിങ്ങിന്റെ ഭാര്യാപിതാവും മുന്‍ പോലീസ് ഉദ്യോഗസ്ഥനുമായ മല്‍വിന്ദര്‍ സിങ് ആണ് കോടതിക്കുള്ളില്‍വെച്ച് വെടിവെച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹിയിലെ കൃഷി മന്ത്രാലയത്തിലെ അക്കൗണ്ട്സ് കണ്‍ട്രോളറായിരുന്ന ഹരിപ്രീത് സിങ്, വിവാഹമോചന കേസുമായി ബന്ധപ്പെട്ടാണ് ചണ്ഡീഗഡ് ജില്ലാ കോടതിയിലെത്തിയത്. ഭാര്യ അമിതോജ് സിങ്ങുമായയുള്ള വിവാഹമോചന കേസിന്റെ നടപടികള്‍ 2023 മുതല്‍ ആരംഭിച്ചതാണ്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെയായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട് രണ്ട് കുടുംബങ്ങളും സെക്ടര്‍ 43-ലുള്ള ചണ്ഡീഗഡ് ജില്ലാ കോടതി കോംപ്ലക്സില്‍ എത്തിയിരുന്നു. വിവാഹമോചന കേസിലെ നാലാമത് മധ്യസ്ഥ നടപടിക്കായാണ് ഇവര്‍ എത്തിയത്.

Signature-ad

മാതാപിതാക്കള്‍ക്കൊപ്പമാണ് ഹരിപ്രീത് സിങ് കോടതിയില്‍ എത്തിയത്. അമിതോജിനൊപ്പം പിതാവ് മല്‍വിന്ദര്‍ മാത്രമാണ് ഉണ്ടായിരുന്നത്. മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ മല്‍വിന്ദര്‍ സിങ് ശുചിമുറിയിലേക്ക് പോകണമെന്ന് പറഞ്ഞു. ശുചിമുറിയിലേക്കുള്ള വഴി എങ്ങോട്ടാണെന്ന് മല്‍വിന്ദര്‍ ഹരിപ്രീതിനോട് ചോദിച്ചു. തുടര്‍ന്ന് പെട്ടെന്ന് തന്നെ ഇയാള്‍ തോക്കെടുത്ത് മരുമകനെ വെടിവെക്കുകയായിരുന്നു. വെടിയേറ്റ ഹരിപ്രീതിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുവെച്ചുതന്നെ മല്‍വിന്ദറിനെ അറസ്റ്റ് ചെയ്യുകയും കൊലയ്ക്കുപയോഗിച്ച ആയുധം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Back to top button
error: