KeralaNEWS

വി.ഡി സതീശന്‍ വിമർശിക്കപ്പെടുന്നു: ദയനീയ പരാജയത്തിൻ്റെ 3 വർഷങ്ങൾ

★ സിബി സത്യൻ
(പ്രമുഖ പത്രപ്രവർത്തകൻ, രാഷ്ട്രീയ നിരീക്ഷകൻ)

കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ കോണ്‍ഗ്രസിനെ പിടിച്ചുലയ്ക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാര്‍ട്ടി പിടിച്ചടക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. പ്രതിപക്ഷ നേതാവായും സൂപ്പര്‍ കെ.പി.സി.സി പ്രസിഡന്റായും സതീശന്‍ നടത്തുന്ന താന്‍പോരിമയാണ് കെ.പി.സി.സി യോഗത്തില്‍ ചര്‍ച്ചയായത്. മൂന്നു വര്‍ഷത്തിനു ശേഷം ആദ്യമായി കോണ്‍ഗ്രസ് അടുത്ത തിരഞ്ഞെടുപ്പിന് തയ്യാറാണോ എന്നു സ്വയം പരിശോധിക്കാനുള്ള ആദ്യ സ്‌റ്റെപ്പ് പുറത്തെടുത്തു…!
നല്ല കാര്യം. പക്ഷേ യഥാര്‍ഥ പ്രശ്‌നം ഇനിയും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.

Signature-ad

എന്താണ് കോണ്‍ഗ്രസ് നേരിടുന്ന യഥാര്‍ഥ പ്രശ്‌നം…? വളരെ ലളിതമാണ് ആണ് ഉത്തരം. ഒരു പ്രതിപക്ഷം എന്ന നിലയില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണമായി പരാജയപ്പെടുന്നു. ഒരു പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കഴിഞ്ഞ 3 വര്‍ഷമായി ഒരു സമ്പൂര്‍ണ പരാജയമാണ് താന്‍ എന്നു സ്വയം സതീശന്‍ തെളിയിച്ചിരിക്കുന്നു. കാമ്പുള്ള ഒരു ആരോപണം കൊണ്ടുവരാനോ ഭരണപരമായി ഇത്രയും ദുര്‍ബലമായ ഒരു സര്‍ക്കാരിനെ നിയമസഭയില്‍ മുട്ടുകുത്തിക്കാനോ ഇതുവരെ കോണ്‍ഗ്രസിന് ആയില്ല എന്നത് പാര്‍ട്ടി സ്വയം വിമര്‍ശനപരമായി പരിശോധിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നോട്ടു പോയാല്‍ മാത്രമേ അടുത്ത തിരഞ്ഞെടുപ്പില്‍ ഒരു ഫൈറ്റിങ് ചാന്‍സ് എങ്കിലും ബാക്കിയുള്ളു. ഇനിയൊരു 5 വര്‍ഷം കൂടി നിലവിലെ സംവിധാനം തുടരാനുള്ള കരുത്ത് പാവം ജനങ്ങള്‍ക്കില്ല. ദയവു ചെയ്തു പാവം ജനങ്ങളെ ചതിക്കരുത്.

പ്രതിപക്ഷത്തിന് അറഞ്ഞ് അര്‍മാദിക്കാന്‍ ഇത്രയും അവസരം നല്‍കിയ ഒരു സര്‍ക്കാര്‍ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. കെടുകാര്യസ്ഥതയും സ്വര്‍ണക്കടത്തും മുഖ്യമന്ത്രിയുടെ മകളും മരുമകനും ഉള്‍പ്പെടുന്ന അഴിമതിയും അടക്കം ആയിരക്കണക്കിന് അവസരങ്ങളുണ്ടായിരുന്നു. പക്ഷേ ഒന്നു പോലും ഫലപ്രദമായി വിനിയോഗിക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഇന്‍കം ടാക്‌സ് അപ്പലേറ്റ് കൗണ്‍സില്‍ കൃത്യമായി വിധി പുറത്തു വിട്ടതിനു ശേഷം നടന്ന നിയമസഭാ സമ്മേളനത്തില്‍ തകര്‍പ്പന്‍ അറ്റാക്ക് നടത്തുന്നതിനു പകരം സമ്പൂര്‍ണ നിശബ്ദതയാണ് പ്രതിപക്ഷ നേതാവില്‍ നിന്നുണ്ടായത്. അന്ന് മാത്യു കുഴല്‍നാടന്‍ എന്ന യുവ എം.എല്‍എ എല്ലാ സൈബര്‍ ആക്രമണങ്ങളെയും നേരിടാനുള്ള റിസ്‌ക് ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ മുഖ്യമന്ത്രിയുടെ മകളും സിഎംആര്‍എലും ചേര്‍ന്നു നടത്തിയ, മാസപ്പടി ഇടപാട് എന്നു ഇന്ത്യന്‍ ജുഡീഷ്യല്‍ സംവിധാനം വിധിച്ച ഒരിടപാട് നിയമസഭയില്‍ പ്രതിപക്ഷനേതാവ് നടത്തുന്ന ഒരു അഴകൊഴമ്പന്‍ അഡ്ജസ്റ്റ്‌മെന്റ് സ്റ്റേറ്റ്‌മെന്റായി ഒതുങ്ങിപ്പോകുമായിരുന്നു. അതിനുള്ള തിരിച്ചടി കുഴല്‍നാടന് കിട്ടിയപ്പോഴും ഒന്നിച്ചു നിന്നു സംരക്ഷിക്കാന്‍ പ്രതിപക്ഷ നേതാവ് രംഗത്തു വന്നില്ല എന്നുമോര്‍ക്കണം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇപി ജയരാജന്‍ മുതല്‍ ശശീന്ദ്രന്‍ വരെ നിരവധി മന്ത്രിമാര്‍ പ്രതിപക്ഷ സമ്മര്‍ദ്ദം മൂലം രാജിവെച്ചപ്പോള്‍ ഈ സര്‍ക്കാരില്‍ ഒരേയൊരു സജി ചെറിയാന്‍ ഭരണഘടനാ വിരുദ്ധമായ പരാമര്‍ശത്തിന്റെ പേരില്‍ രാജി വെക്കുകയും ഇരട്ടി സ്പീഡില്‍ തിരിച്ചു കയറുകയും ചെയ്തു. ഏതാണ്ടെല്ലാ മന്ത്രിമാരും പരാജയമായിപ്പോയ, ശമ്പളം പോലും ദിവസങ്ങള്‍ മുടക്കിയ ഒരു സര്‍ക്കാരിനെതിരെ റീലുകളില്‍ മാത്രം ഗര്‍ജിക്കുന്ന സിംഹമായി പ്രതിപക്ഷ നേതാവ് ഒതുങ്ങിപ്പോകുന്ന കാഴ്ചയാണ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ കണ്ടത്. തിരഞ്ഞെടുപ്പ് നടക്കുന്നത് ഫേസ് ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമല്ല എന്ന് കോണ്‍ഗ്രസ് നേതൃത്വം മനസിലാക്കിയാല്‍ പാര്‍ട്ടിക്കു കൊള്ളാം.

ഏറ്റവുമൊടുവില്‍ നടന്ന സംഭവം മാത്രമെടുക്കാം. സര്‍ക്കാരിലെ യഥാര്‍ഥ രണ്ടാമനും മരുമകനുമായ മുഹമ്മദ് റിയാസിന്റെ പേരില്‍ പി.എസ്.സി അംഗത്വത്തിനായി ഏരിയ കമ്മിറ്റി അംഗം കൈക്കൂലി വാങ്ങിയെന്ന ഞെട്ടിക്കുന്ന സംഭവം കൈകാര്യം ചെയ്ത രീതിമാത്രം മതി സതീശന്റെയും പാര്‍ട്ടിയുടെയും പരാജയം അളക്കാന്‍. ഭരണഘടനാ സ്ഥാനങ്ങള്‍ പോലും പണം വാങ്ങി വില്‍ക്കുന്നോ എന്ന സംശയത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ പോലും ഞെട്ടിപ്പോയ വിഷയത്തെ കണ്ട മട്ടു കാണിക്കാതെ ഓടിപ്പോയ ഈ അഡ്ജസ്റ്റുമെന്റുമായാണ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നതെങ്കില്‍ 2 വര്‍ഷം കഴിഞ്ഞ് വീണ്ടും പുതിയ പ്രതിപക്ഷ നേതാവിനെ കണ്ടെത്തേണ്ടി വരും.

ഇനിയും വൈകിയിട്ടില്ല. 2 വര്‍ഷം ബാക്കിയുണ്ട്. അടുത്ത ഏതാനും മാസം കൃത്യമായ സൂപ്പര്‍വിഷനില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തെ സതീശന്റെ പ്രകടനം വിലയിരുത്തുകയും പ്രകടനം മോശമെങ്കില്‍ പകരം മികച്ച ആരെയെങ്കിലും ആ സ്ഥാനത്തേക്കു കൊണ്ടു വരികയും വേണം. അല്ലെങ്കില്‍ അടുത്ത 5 വര്‍ഷം കൂടി പ്രതിപക്ഷമാകാനാകും കോണ്‍ഗ്രസിന്റെ വിധി.

പിന്‍കുറിപ്പ്: സതീശന്റെ പരാജയം കാണുമ്പോഴാണ് ചെന്നിത്തല ഒരു സംഭവമായിരുന്നുവെന്ന് മനസിലാക്കുന്നത്.

കേരളത്തിലും മുംബൈയിലുമായി 24 വർഷത്തെ പരിചയ സമ്പത്തുള്ള മുതിർന്ന പത്രപ്രവർത്തകനായ സിബി സത്യൻ മലയാള മനോരമ, ടൈംസ് ഓഫ് ഇന്ത്യ, പി.ടി.ഐ തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. ഇപ്പോൾ esgtimes.in എന്ന പോർട്ടലിൻ്റെ എഡിറ്റോറിയൽ ഡയറക്ടറാണ്. പ്രമുഖ ചാനലുകളിലെ പ്രൈം ടൈം ഡിബേറ്റുകളിൽ ഉത്തരേന്ത്യൻ രാഷ്ട്രീയ നിരീക്ഷകനായും തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായും പങ്കെടുക്കാറുണ്ട്.

Back to top button
error: