തൃശൂര്‍: അര്‍ജുന്റെ ജീവനായി കേരളക്കര പ്രാര്‍ഥനയോടെ കാത്തിരിക്കുമ്പോള്‍ തൃശൂരില്‍ നിന്നും ഡ്രഡ്ജിങ് യന്ത്രം ഗംഗാവലി പുഴയിലെ തിരച്ചിലിന് പുറപ്പെടാന്‍ സജ്ജമായി. ഇതിനു മുന്നോടിയായി കാര്‍ഷിക സര്‍വകലാശാലയിലെ ഒരു ഉദ്യോഗസ്ഥനും ഓപ്പറേറ്ററും ഗംഗാവലിയിലേയ്ക്ക് പുറപ്പെട്ടു. ശക്തമായ ഒഴുക്കുള്ള പുഴയില്‍ ഇത് പ്രവര്‍ത്തിപ്പിക്കാനാകുമോ എന്ന് പരിശോധിക്കുകയാണ് ഇവര്‍ ചെയ്യുക ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും യന്ത്രം പുറപ്പെടുക.
ജലനിരപ്പില്‍ നിന്ന് 25 അടി താഴ്ചയില്‍ വരെ യന്ത്രത്തിന്റെ കൈകള്‍ എത്തും. ശക്തമായ ഒഴുക്കില്‍ യന്ത്രം പ്രവര്‍ത്തിക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഒരു ബോട്ടില്‍ ഘടിപ്പിച്ച മണ്ണുമാന്തി യന്ത്രമാണിത്. ജലോപരിതലത്തില്‍ പൊങ്ങിക്കിടന്നാണ് പ്രവര്‍ത്തിക്കുക. തൃശൂര്‍ ജില്ല കലക്ടറും ഷിരൂരിലെ ജില്ലാ ഭരണാധികാരിയും ചര്‍ച്ചനടത്തിയതിനു ശേഷമാണ് ഡ്രഡ്ജര്‍ അയയ്ക്കാന്‍ തീരുമാനിച്ചത്.
കാര്‍ഷിക സര്‍വകലാശാല രൂപപ്പെടുത്തിയ ഈ ഡ്രഡ്ജിങ് ക്രാഫ്റ്റ് ഇപ്പോള്‍ തൃശൂരിലെ എല്‍ത്തുരുത്ത് കനാലിലാണുള്ളത്. അവിടെ പായലും ചെളിയും നീക്കിവരികയാണ്. കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കാണാതായിട്ട് 14 ദിവസം പിന്നിടുകയാണ്. തിരച്ചില്‍ നിര്‍ത്തിവയ്ക്കരുതെന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടകയ്ക്ക് കത്തയച്ചിരുന്നു.