തിരുവനന്തപുരം: വഞ്ചിയൂരില്‍ നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഉദ്യോഗസ്ഥയ്ക്കു നേരെ എയര്‍ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തിനു കാരണം വെടിയേറ്റ ഷിനിയോടോ, കുടുംബത്തോടോ ഉള്ള വ്യക്തിവൈരാഗ്യമാണെന്ന നിഗമനത്തില്‍ പൊലീസ്. ഷിനി വീട്ടിലുണ്ടെന്ന് അറിഞ്ഞാണ് ഞായറാഴ്ച രാവിലെ ആക്രമണത്തിനു തിരഞ്ഞെടുത്തത്. ആക്രമിച്ച സ്ത്രീ വഞ്ചിയൂരുളള വീടും പരിസരവും മനസ്സിലാക്കാന്‍ മുന്‍പും എത്തിയിരുന്നതായി പൊലീസ് സംശയിക്കുന്നു. പ്രതിക്കായി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം.
സഞ്ചരിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. വെടിവച്ചതിനു ശേഷം കാര്‍ ആറ്റിങ്ങല്‍ ഭാഗത്തേക്കാണ് സഞ്ചരിച്ചത്. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചായിരുന്നു യാത്ര. പറണ്ടോട് സ്വദേശി മാസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോടുള്ള വ്യക്തിക്ക് വിറ്റ കാറിന്റെ നമ്പറാണ് അക്രമിയുടെ കാറില്‍ പതിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളുടെയും വീട്ടുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതിക്കായുള്ള തിരച്ചില്‍.
ആരാണ് വന്നതെന്നോ എന്തുദ്ദേശ്യത്തിലായിരുന്നു അതിക്രമമെന്നോ അറിയില്ലെന്നാണ് ഷിനിയുടെ കുടുംബം ആവര്‍ത്തിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണര്‍ അടക്കം സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി. കൈയ്ക്ക് നിസ്സാര പരുക്ക് മാത്രമാണ് ഷിനിക്ക് ഉള്ളത്. കുറിയര്‍ നല്‍കാനെന്ന പേരില്‍ എത്തിയ മറ്റൊരു സ്ത്രീയാണ് വെടിയുതിര്‍ത്തതെന്നാണ് മൊഴി.
ഞായര്‍ രാവിലെ 8.30നായിരുന്നു സംഭവം. കുറിയര്‍ നല്‍കാനുണ്ടെന്ന പേരില്‍ വീട്ടിലെത്തിയ യുവതി മേല്‍വിലാസം പരിശോധിച്ചശേഷം തോക്കെടുത്ത് ഷിനിയെ വെടിവയ്ക്കുകയായിരുന്നു. സംഭവസമയത്ത് ഷിനി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. റസിഡന്‍ഷ്യല്‍ കോളനിയില്‍ നടന്ന സംഭവം നഗരവാസികളെയാകെ ഞെട്ടിച്ചിരുന്നു.