ഓരോ ചോദ്യത്തിനും താന്‍ പ്രതീക്ഷിക്കുന്നതാണ് ശരിയുത്തരം എന്ന് ശഠിക്കരുത്, ഉത്തരങ്ങൾ വ്യക്തിയുടെ അറിവിനെയും അനുഭവത്തെയും ആശ്രയിച്ചിരിക്കും
വെളിച്ചം
അന്ന് ക്ലാസ്സില്‍ കണക്ക് ടീച്ചര്‍ ഒരു വിദ്യാർത്ഥിയോടു ചോദിച്ചു:
“ഞാന്‍ ആദ്യം മോന് ഒരു ആപ്പിള്‍ തന്നു. പിന്നെ ഒരു ആപ്പിളും വീണ്ടും ഒരു ആപ്പിളും തന്നു. ഇപ്പോള്‍ മോന്റെ കയ്യില്‍ എത്ര ആപ്പിള്‍ ഉണ്ട്?”
അവന് പറഞ്ഞു: “നാല്…”
ടീച്ചര്‍ ചോദ്യം ഒന്ന് മാറ്റി. അവന് ഇഷ്ടപ്പെട്ട മാങ്ങ അവിടെ ചേര്‍ത്തു:
“ഞാന്‍ മോന് ഒരു മാങ്ങ, പിന്നെ ഒരു മാങ്ങ, വീണ്ടും ഒരു മാങ്ങയും തന്നു. ഇപ്പോള്‍ മോന്റെ കയ്യില്‍ എത്ര മാങ്ങയുണ്ട്…?”
കുട്ടി ഉത്തരം പറഞ്ഞു: “മൂന്ന്…”
തന്റെ തന്ത്രം വിജയിച്ച സന്തോഷത്തില്‍ ടീച്ചര്‍ വീണ്ടും ചോദിച്ചു:
“ഞാന്‍ മോന്റെ കയ്യില്‍ ആദ്യം ഒരു ആപ്പിള്‍,. പിന്നെ വീണ്ടും ഒരു ആപ്പിള്‍, പിന്നെ വീണ്ടും ഒരു ആപ്പിള്‍ കൂടി തന്നു ഇപ്പോള്‍ മോന്റെ കയ്യില്‍ എത്ര ആപ്പിളുണ്ട്…?”
അവന് ഉത്തരം പറഞ്ഞു: “നാല്…”
ഇത്തവണ ടീച്ചര്‍ക്ക് ദേഷ്യം വന്നു.
“അതെങ്ങിനെ നാലാകും…?”
ടീച്ചര്‍ ചോദിച്ചു. അവന് പറഞ്ഞു:
“എന്റെ ബാഗില്‍ ഒരു ആപ്പിളുണ്ട്…”
എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ വിചാരിക്കുന്നതാണ് ശരിയുത്തരം എന്ന് വാശിപിടക്കരുത്. ശരിയും തെറ്റും ചോദിക്കുന്നവരുടേയും പറയുന്നവരുടേയും ചിന്താഗതിക്കും പരിസ്ഥിതിക്കുമനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഒരാള്‍ പഠിച്ചിട്ടുള്ള ഉത്തരങ്ങളും പ്രതീക്ഷിക്കുന്ന മറുപടിയും മറ്റൊരാള്‍ നല്‍കണമെന്ന് വാശിപിടിച്ചാല്‍ അത് പരീക്ഷാ പേപ്പറില്‍ മാത്രമേ കാണൂ.
ജീവിതത്തില്‍ സമവാക്യങ്ങള്‍ പോലും മാറിമറിയും. ഒരു ഉത്തരവും കിട്ടാത്ത സമയവും ഉണ്ടാകും.
ഒരേ ചോദ്യത്തിന് പല ഉത്തരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അവ പറയുന്ന വ്യക്തിയുടെ അറിവിലും അനുഭവത്തിലും വ്യത്യാസമുണ്ടാകും. അതിനനുസരിച്ച് നമ്മുടെ ഇടപെടലിലും മാറ്റമുണ്ടാകണം. അത്തരം ഇടപെടലുകളാണ് നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുക.
ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ