കണ്ണൂരിലെ പിണറായിയിൽ ഭർതൃപീഡനത്തെ തുടർന്ന് 25 കാരിയായ യുവതി ജീവനൊടുക്കി.സ്വന്തം വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ അഞ്ചരക്കണ്ടി വെൺമണൽ സ്വദേശിനി അശ്വനിയാണ് ആസ്പത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഭർത്താവ് പെരിങ്ങളായി സ്വദേശി വിപിനും കുടുംബവും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പിണറായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ധനലക്ഷി ആസ്പത്രിയിൽ നഴ്സായ അശ്വനിയും ബസ് ഡ്രൈവറായ വിപിനും രണ്ട് വർഷം മുമ്പാണ് സ്നേഹിച്ച് വിവാഹം കഴിച്ചത്. എന്നാൽ, കുറച്ച് മാസങ്ങൾക്ക് മുമ്പ് വിപിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന് അറിയുകയും അശ്വനി ഇതു ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് വിപിൻ അശ്വനിയെ മർദ്ദിച്ചിരുന്നതായും പരാതിയിൽ പറയുന്നു.
ഇതിനുശേഷം അശ്വനി അമ്മയെ വിളിച്ച് ഭർതൃവീട്ടിൽ നിൽക്കാൻ കഴിയില്ലെന്നും തന്നെ ഉപദ്രവിക്കുന്നതായും പറഞ്ഞു. തുടർന്ന് ചൊവ്വാഴ്ച രാത്രി ബന്ധുക്കൾ വിപിന്റെ വീട്ടിലെത്തി അശ്വനിയെ സ്വന്തം വീട്ടിൽ കൊണ്ടുവന്നു. ബുധനാഴ്ച ഉച്ചയോടെ ഒരുഫോൺകോൾ വരികയും ഇതിന് പിന്നാലെ ബാത്ത്റൂമിൽ കയറിയ അശ്വനി ഇറങ്ങാത്തതിനെ തുടർന്ന് ബന്ധുക്കൾ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ അഞ്ചരക്കണ്ടി ആസ്പത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും എത്തിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് യുവതി മരിച്ചത്. പേരിയിൽ ഹൗസിൽ പ്രദീപന്റെയും ഓമനയുടെയും മകളാണ് അശ്വനി.