ഭോപ്പാല്‍: മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരില്‍ കോണ്‍ഗ്രസ് എംഎല്‍എ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; അതും 15 മിനിറ്റിനുള്ളില്‍ രണ്ടുതവണ! വിജയ്പുരില്‍ നിന്ന് ആറ് തവണ കോണ്‍ഗ്രസ് എംഎല്‍എയായ രാം നിവാസ് റാവത്താണ് കോണ്‍ഗ്രസ് എംഎല്‍എയായിരിക്കെ ബിജെപി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഏപ്രില്‍ 30 ന് ലോക്സഭാ തെരഞ്ഞെടുപ്പ് സമയം, ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു.
എന്നാല്‍, സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് ഔദ്യോഗികമായി രാജിവച്ചിരുന്നില്ല. സംസ്ഥാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ‘രാജ്യ കാ മന്ത്രി’ (സംസ്ഥാന മന്ത്രി) എന്നതിന് പകരം ‘രാജ്യ മന്ത്രി’ (സഹമന്ത്രി) എന്ന് പറഞ്ഞതിനാല്‍ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോഴും കോണ്‍ഗ്രസ് നിയമസഭാംഗമായിരുന്നു. തന്നെ മന്ത്രിയാക്കുമെന്ന ബിജെപി വാഗ്ദാനം പാലിക്കുന്നതുവരെ കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ റാവത്ത് വിസമ്മതിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ് അദ്ദേഹം കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനം രാജിവച്ച് നിയമസഭാ സ്പീക്കര്‍ക്ക് കത്ത് അയച്ചത്. രാം നിവാസ് റാവത്തിന്റെ അംഗത്വം റദ്ദാക്കാന്‍ റിപ്പോര്‍ട്ട് സ്പീക്കര്‍ നരേന്ദ്ര സിങ് തോമറിന് മുമ്പാകെ സമര്‍പ്പിച്ചു. എന്നാല്‍, സ്പീക്കര്‍ അംഗത്വം റദ്ദാക്കിയില്ലെന്നും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള നഗ്നമായ അപമാനമാണെന്നും പിസിസി അധ്യക്ഷന്‍ പറഞ്ഞു. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ പ്രമുഖ ഒബിസി നേതാവായ റാവത്ത്, ദിഗ്വിജയ് സിങ് സര്‍ക്കാരിലെ മന്ത്രിയായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി പിളര്ത്തിയപ്പോള് പോലും കോണ്‍ഗ്രസില്‍ ഉറച്ചുനിന്നതാണ്.
മോഹന്‍ യാദവ് മന്ത്രിസഭയിലെ 32-ാമത്തെ അംഗമായാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. മുഖ്യമന്ത്രി യാദവ്, ഉപമുഖ്യമന്ത്രിമാരായ രാജേന്ദ്ര ശുക്ല, ജഗദീഷ് ദേവ്ദ, സംസ്ഥാന ബിജെപി അധ്യക്ഷന്‍ വി.ഡി ശര്‍മ, ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ഹിതാനന്ദ ശര്‍മ, ജലവിഭവ മന്ത്രി തുളസി സിലാവത്ത് എന്നിവര്‍ സത്യപ്രതിജ്ഞാ വേളയില്‍ പങ്കെടുത്തു.