
തിരുവനന്തപുരം: സ്ത്രീകള്‍ ഏതെങ്കിലും വിധത്തില്‍ ദിവസവും മറ്റൊരാളുടെ അസഭ്യ സംഭാഷണങ്ങള്‍ക്ക് വിധേയരാകുന്നതായി റിപ്പോര്‍ട്ട്. കുടുംബശ്രീ നടത്തിയ ക്രൈം മാപ്പിംഗ് സര്‍വേയിലാണ് സ്ത്രീകള്‍ കൂടുതലായി നേരിടുന്ന അതിക്രമം അസഭ്യം കേള്‍ക്കുന്നതാണെന്ന് കണ്ടെത്തിയത്.
വനിതകള്‍ അഭിമുഖീകരിക്കുന്ന അതിക്രമങ്ങള്‍ക്ക് പ്രതിരോധം ആവിഷ്കരിക്കാന്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കുടുംബശ്രീയുടെ ആറ് സി.ഡി.എസുകളിലായി നടത്തിയ സര്‍വേയിലെ കണക്കാണിത്. മറ്റ് സി.ഡി.എസുകളില്‍ രണ്ടാംഘട്ടമായി സര്‍വേ നടക്കും. ജില്ലയൊട്ടാകെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ വിവരശേഖരണം നടത്തി സൂക്ഷിക്കുന്നതാണ് ക്രൈം മാപ്പിംഗ്. കുടുംബശ്രീ പ്രവര്‍ത്തകരായിട്ടുള്ള റിസോഴ്സ് ടീം ആണ് വിവരശേഖരണം നടത്തുന്നത്. ആനിക്കാട്, കടപ്ര, ഏറത്ത്, പന്തളം േെതക്കക്കര, ചെന്നീര്‍ക്കര, പ്രമാടം എന്നീ 6 സി.ഡി.എസുകളിലാണ് ക്രൈം മാപ്പിംഗ് സര്‍വേ ആദ്യഘട്ടത്തില്‍ നടത്തിയത്.
8877 സ്ത്രീകള്‍ 66,008 അതിക്രമങ്ങള്‍ക്ക് വിധേരായിട്ടുണ്ട്. അതിനര്‍ത്ഥം ഒരു സ്ത്രീ തന്നെ വിവിധ തരത്തിലുള്ള അതിക്രമത്തിന് ഒന്നിലധികം തവണ വിധേയയായിട്ടുണ്ട് എന്നാണ്. ഏറ്റവും കൂടുതല്‍ നേരിട്ട അതിക്രമം വാചികം (അസഭ്യം) ആണെങ്കില്‍ സ്ത്രീധനം ആവശ്യപ്പെടല്‍ ആണ് സാമ്പത്തിക അതിക്രമത്തില്‍ മുന്നിലുള്ളത്. മര്‍ദ്ദനം, തോണ്ടല്, ഓഫീസുകളില്‍നിന്ന് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാകാതിരിക്കല്‍, തുറിച്ചുനോട്ടം എന്നിവയാണ് മറ്റുള്ളവ.
സര്‍വേയില്‍ പങ്കെടുത്തവര്‍ : 8877
ക്രൈ മാപ്പിംഗ് സര്‍വേയിലൂടെ കണ്ടെത്തിയ അതിക്രമങ്ങള്‍
സാമ്പത്തികം : 9256
ശാരീരികം : 4091
ലൈംഗികം : 9,393
സാമൂഹികം : 10,196
വാചികം (അസഭ്യം): 23,472
മാനസിക വൈകാരികം : 9600
ആകെ : 66008
സര്‍വേയിലൂടെ ലഭിച്ച നിര്‍ദേശങ്ങള്‍
1.അവകാശ ലംഘനങ്ങള്‍ അതിക്രമങ്ങള്‍ ആണെന്ന തിരിച്ചറിവ് നല്‍കുക,
2. സ്വയംസുരക്ഷാ പ്രതിരോധ പരിശീലനങ്ങള്‍ സംഘടിപ്പിക്കുക,
3. നിയമസാക്ഷരത ബോധവല്‍ക്കരണം,
4. കൗമാര ക്ലബ്ബുകള്‍ – വയോജന കൂട്ടായ്മകള്‍ എന്നിവ തുടങ്ങുക,
5. വിവാഹപൂര്‍വ കൗണ്‍സലിംഗ്
6. വനിതാ ഗ്രാമസഭകള്‍,
7. ഗ്രാമപഞ്ചായത്തുകളില്‍ ജെന്‍ഡര്‍ ഓഡിറ്റിംഗും ബഡ്ജറ്റിംഗും നടപ്പിലാക്കുക,
8. സ്ത്രീധനത്തിനെതിരെ ക്യാമ്പയിന്,
9. സ്കൂള്‍ – കോളേജുകളില്‍ ജെന്‍ഡര്‍ ക്ലബ്ബുകള്‍ രൂപീകരിക്കുക
10. വിനോദോപാധികള്‍ നടപ്പിലാക്കുക, ലഹരി ബോധവല്‍ക്കരണം.
11. വിജിലന്റ് ഗ്രൂപ്പ് – ജാഗ്രതാ സമിതി ശക്തിപ്പെടുത്തുക.






