ആലപ്പുഴ: റെയില്‍വേ സ്റ്റേഷനിലെ ശൗചാലയത്തില്‍നിന്ന് പോലീസുകാരെ കബളിപ്പിച്ച് കടന്നുകളഞ്ഞ പ്രതിക്കായി അന്വേഷണം ഊര്‍ജിതം. പ്രതി തിരുവനന്തപുരം നെടുമ്പ്രം കണ്ണാറച്ചിറ വിഷ്ണു ഉല്ലാസിനെ കണ്ടെത്താനായി ആലപ്പുഴ സൗത്ത് പോലീസ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. സംഭവം രാത്രിയായതിനാല്‍ ഇയാളുടെ നീക്കങ്ങളോ ആവശ്യത്തിനുള്ള ദൃശ്യങ്ങളോ പോലീസിനു ലഭിച്ചിട്ടില്ല.
വ്യാഴാഴ്ച രാത്രി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്ന് ആലപ്പുഴയിലേക്ക് കൊച്ചുവെളി എക്‌സ്പ്രസിലാണ് പ്രതിയുമായി രണ്ടു പോലീസുകാര്‍ എത്തിയത്. ശൗചാലയത്തില്‍ പോകണമെന്നാവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇരുകൈകളും ബന്ധിച്ചിരുന്ന വിലങ്ങ് അഴിച്ചുവിട്ടു. ശൗചാലയത്തിലെ ജനാലവഴി ചാടി ഇയാള്‍ രക്ഷപ്പെട്ടു. രാമങ്കരി കോടതിയിലെ ഒരു കേസില്‍ ഹാജരാക്കുന്നതിനാണ് പ്രതിയെ കൊണ്ടുവന്നത്.
ഇയാള്‍ ഒട്ടേറ ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. മുന്‍പ് രണ്ടുതവണ ജയില്‍ചാടി രക്ഷപ്പെട്ടിട്ടുണ്ട്. എന്നിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായെന്നാണു വിലയിരുത്തല്‍. പ്രതി ഒരു കൈയിലെ വിലങ്ങുമായാണ് സഞ്ചരിക്കുന്നത്. ഇതൊളിപ്പിക്കാന്‍ എന്തെങ്കിലുംകൊണ്ടു മറച്ചിരിക്കാമെന്ന് പോലീസ് പറയുന്നു. വരുംദിവസങ്ങളില്‍ അന്വേഷണം മറ്റു സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കും.
പ്രതിയെ റെയില്‍വേ സ്റ്റേഷനിലെ സ്ത്രീകളുടെ ശൗചാലയത്തിലാണ് കയറ്റിയതെന്നു പറയുന്നു. ഇതിന്റെ വാതില്‍ ഇപ്പോഴും അകത്തുനിന്നുപൂട്ടിയ നിലയിലാണ്. ഈ ശൗചാലയത്തിന്റെ ജനലിലൂടെയാണ് പ്രതി കടന്നുകളഞ്ഞത്. വളരെ നിസ്സാരമായി മാറ്റാവുന്ന ചില്ലിന്റെ ജനാലപ്പാളികളാണ് ഇതിലുള്ളത്.
സമീപത്തായി ജനാലകളില്ലാത്ത പുരുഷന്‍മാരുടെ ശൗചാലയമുണ്ടായിട്ടും എന്തുകൊണ്ട് സ്ത്രീകളുടെ ശൗചാലയത്തില്‍ ഇയാള്‍ കയറിയെന്നതു ദുരൂഹമാണ്. ജനലുള്ളത് ഇതില്‍ മാത്രമാണെന്ന് പ്രതിക്ക് അറിയുമായിരുന്നെന്നാണു സൂചന. എങ്കില്‍ ഇതു ശ്രദ്ധിക്കാതിരുന്ന പോലീസുകാര്‍ക്ക് വലിയ വീഴ്ചപറ്റിയെന്നാണ് ആരോപണം.