TRENDING

അവിശ്വസിനിയം, പക്ഷേ സത്യം: നിർമ്മിതബുദ്ധിയുടെ സഹായത്തോടെ യാത്ര പോകാം

ടെക്‌നോളജി

സുനിൽ കെ ചെറിയാൻ

Signature-ad

ഗൂഗിളിൽ നോക്കേണ്ട, സുഹൃത്തുക്കളോട് ചോദിക്കേണ്ട; ട്രാവൽ ഏജന്റ് വേണ്ടേ വേണ്ട. ഇതൊന്നുമില്ലാതെ ഒരു വിനോദയാത്ര പോയാലോ? പോകാം. ഒറ്റക്കാര്യം മതി… ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.

വെക്കേ എന്ന ട്രാവൽ ടൂൾ ആണ് ഒരു സഹായി. പോകാനിഷ്ടമുള്ള സ്ഥലം പറഞ്ഞാൽ ചാറ്റ് ബോക്‌സിൽ ചാറ്റ് ചെയ്യാം. മറുവശത്ത് നിർമിതബുദ്ധിയാണ് മറുപടി പറയുന്നത്. മൈൻഡ്ട്രിപ് എന്ന മറ്റൊരു ട്രാവൽ സഹായി-പേജിൽ ചെന്നാൽ നമ്മളുമായി സംസാരിക്കാൻ തയ്യാറാണെന്ന് പറയുന്ന കുറച്ച് മനുഷ്യരൂപങ്ങളുടെ ചിത്രങ്ങൾ കാണാം. ആരും മനുഷ്യരല്ല; നിർമിതബുദ്ധിയാണ് സംവദിക്കുന്നത്.

ഈ പ്രോഗ്രാമുകൾക്കൊക്കെയും ആപ്പ് ഉണ്ട്. അത് നമ്മുടെ ഫോണിൽ ഡൗൺലോഡ് ചെയ്‌താൽ പിന്നെ അതാണ് നമ്മുടെ ട്രാവൽ ഏജന്റും, സെക്രട്ടറിയും, സുഹൃത്തും, വഴികാട്ടിയും.

ചാറ്റ് ചെയ്യുമ്പോൾ എ ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) നമ്മളോട് ചോദ്യങ്ങൾ ചോദിക്കും. നമ്മുടെ താൽപര്യങ്ങൾ കൃത്യമായി അറിയാനാണിത്. ചോദ്യങ്ങൾ ഏതാണ്ട് ഇങ്ങനെയൊക്കെയാണ്:

‘ഒറ്റയ്ക്കാണോ യാത്ര? ബജറ്റ് എത്രയാണ്. എന്തൊക്കെ കാണാനാണ്, കഴിക്കാനാണ് ഇഷ്‌ടം.’

നമ്മൾ മറുപടി ടൈപ്പ് ചെയ്‌താൽ മലവെള്ളം പോലെ ദാ വരുന്നു പോകേണ്ട സ്ഥലങ്ങളുടെ, ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റും റൂട്ട് മാപ്പും, മുൻപ് പോയവരുടെ റിവ്യൂസ്‌ അടക്കം.

യാത്രയിൽ ഇടയ്ക്ക് മെസേജുകൾ വന്നുകൊണ്ടിരിക്കും:

‘നിങ്ങൾ ഇപ്പോൾ ആ സ്ഥലത്താണെങ്കിൽ, അതിനടുത്ത് ഒരു പ്രതിമാ പാർക്ക് ഉണ്ട് കേട്ടോ’ (നേരത്തേ നമ്മുടെ ഇഷ്ടങ്ങൾ പറഞ്ഞിരുന്നല്ലോ. അത് ഓർമ്മിക്കുന്നതാണ് യന്ത്രബുദ്ധി). ‘അവിടെ അന്തിയുറങ്ങിക്കോളൂ. പക്ഷെ തൊട്ടടുത്ത് ഒരു സ്‌പാ ഉണ്ട്. അതായിരിക്കൂട്ടോ നിങ്ങളുടെ പോക്കറ്റിന് താങ്ങാനാവുക’
(ചൂടുവെള്ളത്തിലെ സ്‌നാനം ചാറ്റിലൂടെ ചോദിച്ച് മനസിലാക്കിയ ബുദ്ധി).

നമ്മൾ പോകുന്ന സ്ഥലത്ത് ട്രാഫിക്കുണ്ടാവുമോ, ജനത്തിരക്കുണ്ടാവുമോ, മഴ പെയ്യുമോ, വേലിയേറ്റമുണ്ടാകുമോ തുടങ്ങി സർവ്വതും പറഞ്ഞുതരും നിർമിതബുദ്ധി.
നമ്മൾ പോകുന്ന സ്ഥലത്ത് നമ്മുടെ ശത്രുക്കൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് പാവം എഐക്ക് ഉത്തരമുണ്ടാവില്ല.
അതിനുത്തരം ഇതാണ്: ‘ശത്രുക്കളെ ഉണ്ടാക്കാതിരിക്കുക.’

Back to top button
error: