താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദീഖിനെ തെരഞ്ഞെടുത്തു. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് ഇടവേള ബാബുവിന്റെ പിൻഗാമിയായി സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടത്. 25 വർഷത്തിനു ശേഷമാണ് ഇടവേള ബാബു സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ തവണയും സ്ഥാനമൊഴിയാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും മമ്മൂട്ടിയുടെ നിർബന്ധത്തിനു മുന്നിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു ബാബു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻ ലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറർ സ്ഥാനത്തേക്ക് നടൻ ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ജഗദീഷും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ. മഞ്ജു പിള്ളയും മത്സര രംഗത്തുണ്ടായിരുന്നു. എന്നാൽ മൂന്നാംസ്ഥാനത്തായി. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനെതിരെ ബാബുരാജ് വിജയിച്ചു. 337 പേരാണ് ആകെ വോട്ട് ചെയ്തത്.
കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദീഖിനെതിരെ മത്സരിച്ചത്. ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണ സിദ്ദീഖിനായിരുന്നു.
മൂന്ന് വർഷത്തിലൊരിക്കലാണ് അമ്മ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി യോഗത്തിൽ പങ്കെടുത്തു. മമ്മൂട്ടി യു.കെയിൽ ആയതിനാൽ യോഗത്തിൽ പങ്കെടുത്തില്ല.