ഇടുക്കി ജില്ലയിലെ മൂന്നാറിൽ എ.ജി കോളനിയിലെ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് യുവതി മരിച്ചു. മാല കുമാർ (38) ആണ് മരിച്ചത്. ദേവികുളം എസ്‍.സി ഓഫിസിലെ ക്ലർക്കായ കുമാറിന്റെ ഭാര്യയാണ് മാല.
മകനെ സ്കൂളിൽ നിന്നും വിളിച്ച് വീട്ടിൽ എത്തിയപ്പോൾ 30 അടിയിലേറെ ഉയരത്തിൽ നിന്ന് വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. മകൻ ഓടി രക്ഷപെട്ടു.
തുടർന്ന് മൂന്നാർ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിനിടെ ജീവനോടെ കണ്ടെത്തിയ മാലയെ ടാറ്റ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കുമാർ- മാല ദമ്പതികൾക്ക് മൂന്നു മക്കളുണ്ട്.
ഇവിടെ മൂന്ന് വീടുകൾ കൂടി അപകടാവസ്ഥയിൽ ആയതിനാൽ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
അതേസമയം, മൂന്നാറിൽ അതിശക്തമായ മഴ തുടരുകയാണ്. മാങ്കുളം പഞ്ചായത്തിലും മഴ ശക്തമാണ്. വിരിപാറയിൽ വലിയ മണ്ണിടിച്ചിൽ ഉണ്ടായി. വൈൽഡ് എലിഫൻ്റ് റിസോർട്ടിനോട് ചേർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. റിസോർട്ടിനും കേട് പറ്റി.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്നാറില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പഴയ മൂന്നാര്‍ സിഎസ്ഐ ഹാളിലെ ക്യാമ്പിലേക്കാണ് ഇവരെ മാറ്റിപാര്‍പ്പിച്ചത്.
ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധിയാണ്. കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഇന്നും മഴ കനക്കും. മധ്യ-വടക്കൻ മേഖലകളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇതിനൊപ്പം 6 ജില്ലകളിൽ ശക്തമായ മഴ മുന്നറിയപ്പായ യെല്ലോ അലർട്ടും നിലനിൽക്കുന്നു. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് അതിശക്തമഴ മുന്നറിയിപ്പ്.
മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂന മർദ്ദപാത്തിയുടെയും, ഗുജറാത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാദ ചുഴിയുടേയും സ്വാധീനത്തിലാണ് സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നത്.