NEWSWorld

ക്രൂശിക്കപ്പെടുന്ന സ്ത്രീജന്മങ്ങൾ: ഗാർഹികപീഡനത്തിന്റെ ഞെട്ടിക്കുന്ന കഥകൾ

സുനിൽ കെ ചെറിയാൻ

    ”ഒരു ദിവസം എന്റെ ഭർത്താവ് കൂട്ടുകാരൊത്ത് മദ്യപിക്കാൻ പോകുന്നുവെന്ന് പറഞ്ഞപ്പോൾ ഞാൻ എണ്ണിപ്പെറുക്കി കുറെ കരഞ്ഞു. അന്ന് എന്നെ അടിച്ചു. വീട്ടിൽ നിന്ന് ഇറങ്ങിക്കൊള്ളാൻ പറഞ്ഞു. ഞാൻ വരുമാനമില്ലാത്തയാളാണ്, സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുമാണ്. ഞാനെവിടെപ്പോകും?”
* * *
”മൂന്നാമതായി ഗർഭിണിയായപ്പോൾ അബോർഷൻ നടത്താമെന്ന് ഭർത്താവ് പറഞ്ഞു. എനിക്ക് ഒരു പെൺകുഞ്ഞ് വേണമായിരുന്നു. ഞാൻ സമ്മതിച്ചില്ല. പിന്നീട് വഴക്കിടാത്ത ദിവസങ്ങളില്ല.”
* * *

Signature-ad

”ഇവിടെ,അമേരിക്കയിൽ എന്റെ മകളുടെ ബോയ്ഫ്രണ്ട് അവളെ അബ്യൂസ് ചെയ്യുണ്ടെന്ന് എനിക്കറിയാമായിരുന്നു. അവൾ ജോലിക്ക് പോകുമ്പോൾ ഒളികാമറയിലൂടെയും മറ്റും അവൻ അവളെ പിന്തുടർന്നിരുന്നു. ഒരുതരം സംശയരോഗം. ഗർഭിണിയായപ്പോൾ അബോർട്ട് ചെയ്യാമെന്ന് എന്റെ മകൾ പറഞ്ഞു. അവൻ സമ്മതിച്ചില്ല (ഗർഭനിരോധന ഉറയിൽ മനപൂർവം സുഷിരങ്ങളുണ്ടാക്കി അവൻ). നിയമപരമായി വിവാഹം കഴിക്കാതെ കുഞ്ഞുങ്ങൾ വേണ്ടെന്ന് അവൾ. അവൻ തോക്ക് ചൂണ്ടി. ഭാഗ്യത്തിന് എന്റെ മകൾക്ക് ജീവൻ നഷ്ടപ്പെട്ടില്ല. അവളിപ്പോൾ ഞങ്ങളുടെ കൂടെയുണ്ട്. ഗർഭം അലസിപ്പിച്ചതിൽ അവൾക്ക് സന്തോഷമേയുള്ളൂ.”
* * *
ഡൊമസ്റ്റിക് വയലൻസ് ഹോട്ട് ലൈൻ കോളുകൾ സ്വീകരിക്കുന്നവർ പറയുന്ന കഥകളാണിത്. അമേരിക്കയിൽ ഒരു ദിവസം രണ്ടായിരത്തിലധികം കോളുകൾ ലഭിക്കുന്നു. സഹായമഭ്യർത്ഥിച്ചുള്ള മെസേജുകൾ അതിനേക്കാളേറെ. അമേരിക്കയിൽ 1996 മുതൽ ഗാർഹികപീഡന പരാതികൾ കേൾക്കാൻ ഹോട്ട് ലൈനുണ്ട്.

ഇന്ത്യയിൽ 181 എന്ന നമ്പറിൽ വിളിച്ച് പരാതികൾ പറയാം. 2009 മുതലുള്ള സംവിധാനമാണിത്. സങ്കടം പറയുന്ന കോളുകൾ കേട്ട് സമാധാനിപ്പിക്കാൻ സ്റ്റാഫ് കുറവാണെന്ന പരാതിയേ ഉള്ളൂ. അതിനും മാത്രം കോളുകളും മെസേജുകളുമാണ് ദിവസേന ലഭിക്കുന്നത്.

കോളുകൾ സ്വീകരിക്കുന്ന ചിലരിൽ പീഡന ഇരകളുണ്ട്. അവർ സമാധാനിപ്പിക്കുമ്പോൾ സഹാനുഭൂതിയുടെ അർത്ഥത്തിന് ആഴം കൂടുന്നു.

ഇഷ്ടമില്ലാതെ ലൈംഗികബന്ധത്തിന് നിർബന്ധിക്കുന്നു, സ്വന്തം ഇഷ്ടങ്ങൾ മാത്രം വീട്ടിൽ നടപ്പാക്കുന്നു, അതിന് സാമ്പത്തികമായി പിന്തുണയ്‌ക്കേണ്ടി വരുന്നു, കൂട്ടുകാരുമൊത്ത് വന്ന് സ്വകാര്യത ഇല്ലാതാക്കുന്നു, തുടങ്ങിയവയൊക്കെയാണ് ഭർത്താക്കന്മാർക്കെതിരായുള്ള പരാതികൾ.

ഭർത്താവ് ഉപദ്രവിക്കുന്നെങ്കിൽ ഡിവോഴ്‌സ് ചെയ്‌തുകൂടെ എന്ന് ചോദിക്കുന്നവരുണ്ട്. പറയുംപോലെ എളുപ്പമല്ല സ്ത്രീകൾക്കത്. കുഞ്ഞുങ്ങൾ മുതൽ, സമൂഹം അത്തരക്കാരെ എങ്ങനെ കാണുന്നു എന്നത് വരെ ഇതിനെ പല അടരുകളുള്ള ഒരു പ്രശ്നമാക്കുന്നു.

പ്രശ്നങ്ങൾ പുറത്ത് പറയുന്ന സ്ത്രീകൾക്കും പ്രശ്നമാണ്. ഹോട്ട് ലൈനിലേയ്ക്കുള്ള പരാതിവിളികൾ അതിനാൽ രഹസ്യമായാണ് സ്ത്രീകൾ ചെയ്യുക. ജോലിസ്ഥലത്ത് നിന്നാണെങ്കിൽ സഹപ്രവർത്തകർ കേൾക്കാതെയും വീട്ടിൽ നിന്നാണെങ്കിൽ ഭർത്താവും കുട്ടികളും കേൾക്കാതെയാവും വിളിക്കുക.

ആരോടും പരിഭവം പറയാതെ എല്ലാം ഉള്ളിലൊതുക്കി കഴിയുന്നവരുടെ എണ്ണമാണ് കൂടുതലും.

Back to top button
error: