KeralaNEWS

കേരളം ഞെട്ടലിൽ: നിങ്ങളുടെ മക്കളും ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടാവാം, വിദ്യാലയങ്ങൾ ലഹരി വിപണന കേന്ദ്രങ്ങൾ, ലഹരി കേസുകളിൽ 5 മാസത്തിനിടെ  കുടുങ്ങിയത് 78 വിദ്യാർത്ഥികൾ

    വടകര അഴിയൂരിലെ 12 കാരി പെൺകുട്ടിയുടെ കഥ കേരളം കേട്ടത് ഞെട്ടലോടെയാണ്. വൻ ഗൂഡാലോചനയുടെ ഭാഗമായാണ് ഈ പെൺകുട്ടിയെ ലഹരി മാഫിയ വലയിലാക്കിയത്.

സ്കൂളിലെ കബഡി ടീം- സ്റ്റുഡൻസ് പൊലീസ് എന്നിവയിൽ അംഗമായ ഈ മിടുക്കിയെ മാരക ലഹരി നല്‍കി പ്രലോഭിപ്പിച്ച് ലഹരി മരുന്നുകളുടെ കാരിയറായി പോലും ഉപയോഗിച്ചു.

Signature-ad

ഒടുവിൽ സംഭവത്തിലെ ഇരയായ വിദ്യാർത്ഥിനിയേയും മാതാവിനേയും ഹൈക്കോടതി ജഡ്ജ് ബെച്ചു കുര്യൻ ജോസഫ് ചേംബറിൽ വെച്ച് നേരിട്ട് കേൾക്കുകയുണ്ടായി.

പരിചയക്കാരിയായ യുവതി നൽകിയ ലഹരി കലർന്ന ബിസ്കറ്റിലായിരുന്നു തുടക്കം. ‘നിനക്ക് വേണ്ടത്ര ശാരീരിക ക്ഷമത ഇല്ല. നല്ല സ്റ്റാമിന കിട്ടാൻ ഈ ബിസ്ക്കറ്റ് കഴിച്ചാൽ മതി’ എന്ന് പ്രലോഭിപ്പിച്ചാണ് ലഹരിബിസ്ക്കറ്റ് നൽകിയത്. തുടർന്ന് മാരക മയക്കുമരുന്നിന് അടിമയാക്കി. അതിനു ശേഷം ലഹരി ക്യാരിയർ ആക്കി.

ഈ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ഉൾപ്പെടെ ഒട്ടേറെപ്പേരെ
കെണിയിൽ വീഴ്ത്തിക്കൊണ്ട് തലശ്ശേരി കോഴിക്കോട് ജില്ലകളിൽ മയക്കുമരുന്ന് മാഫിയ വിളയാട്ടം തുടരുന്നു.
*      *      *
കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ 9-ാം ക്ലാസ് വിദ്യാർത്ഥിനിക്ക് മയക്കുമരുന്ന് നൽകിയത് 25 പേർ അടങ്ങുന്ന ഇൻസ്റ്റ​ഗ്രാം ​ഗ്രൂപ്പ് വഴിയാണ്. ലഹരി കൊടുക്കുക മാത്രമല്ല ഈ 14കാരിയെ കാരിയറാക്കുകയും ചെയ്തു.

വിദ്യാർത്ഥിനി 3 വർഷമായി ലഹരി മാഫിയയുടെ വലയിലായിരുന്നു. 7-ാംക്ലാസില്‍ പഠിക്കുമ്പോഴാണ്  എംഡിഎംഎ ആദ്യം പരീക്ഷിച്ചത്. മാനസികസമ്മര്‍ദ്ദം അകറ്റാനുളള മരുന്ന് എന്ന പേരിലാണത്രേ എംഡിഎംഎ നല്‍കിയത്.

പെൺകുട്ടിയുടെ വലതുകയ്യിൽ ബ്ലേഡ് കൊണ്ടു വരഞ്ഞിരിക്കുന്ന പാടുകളും പെരുമാറ്റത്തിലെ പൊരുത്തക്കേടും കണ്ടാണ് ലഹരി  ഉപയോഗത്തെക്കുറിച്ച് കുട്ടിയുടെ അമ്മ മനസിലാക്കിയത്. തുടർന്ന് അവളെ ബെംഗലൂരുവിലുളള പിതാവിനൊപ്പം അയച്ചു. അവിടെ നിന്ന് മടങ്ങുംവഴി കുട്ടി  3 ഗ്രാം എംഡിഎംഎ കോഴിക്കോടുള്ള ആവശ്യക്കാർക്കെത്തിച്ചു.

പ്രശ്നം അതിരൂക്ഷമായി വളർന്നതോടെ വീട്ടുകാര്‍ ചൈല്‍ഡ് ലൈനിനെ വിവരം അറിയിച്ചു. ഒടുവിൽ കോഴിക്കോടെ സ്വകാര്യ ആശുപത്രിയുടെ കീഴിലുളള ഡീഅഡിക്ഷന്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചു.
*      *      *
പഴയകാല സിനിമയെ ഓർമിപ്പിക്കുന്ന തരത്തിൽ കടയ്ക്ക് ‘അധോലോകം’ എന്ന് പേരിട്ടു. അതിനുള്ളിൽ പേരു പോലെ തന്നെ മയക്കുമരുന്ന് കച്ചവടം തകൃതിയായി നടത്തി.

എം.സി റോഡിൽ വെമ്പായം ജങ്ഷനു സമീപം, സ്ത്രീകളുടെ വസ്ത്രങ്ങൾ കച്ചവടം നടത്തുന്ന കടയിൽ  പുലർച്ചെ 2 മണിക്ക് ആന്റി നർക്കൊട്ടിക് സെൽ സ്പെഷ്യൽ ടീമും വെഞ്ഞാറമൂട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ എം.ഡി.എം.എ,  കഞ്ചാവ്, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 60 പാക്കറ്റോളം ഒ.സി.ബി പേപ്പർ ഇവ കണ്ടെത്തി. 4 യുവാക്കളെയും അറസ്റ്റു ചെയ്തു.
കടയിലെത്തുന്ന യുവാക്കളെയും കൗമാരപ്രായക്കാരെയും സ്കൂൾ കുട്ടികളെയും കേന്ദ്രീകരിച്ചായിരുന്നു ലഹരി വിൽപ്പന. വെമ്പായം, കന്യാകുളങ്ങര, വട്ടപ്പാറ എന്നിവിടങ്ങളിൽ നിന്നുള്ള സ്കൂൾ കുട്ടികൾ ഇവരുടെ കേന്ദ്രത്തിൽ എത്തിയിരുന്നതായും പൊലീസ് സംശയിക്കുന്നു.
*      *      *
സംസ്ഥാനത്ത് കൗമാരക്കാർക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമായി മാറി എന്നാണ് റിപ്പോര്‍ട്ടുകൾ. വരും തലമുറയുടെ വാഗ്ദാനങ്ങള്‍ ലഹരി പൂക്കുന്ന ഇടങ്ങളില്‍ ഉന്മാദലഹരിയില്‍ ആറാടുന്ന കാഴ്ച മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്നു.

സംസ്ഥാനത്ത് കഴിഞ്ഞ 5 മാസത്തിനിടെ ലഹരികേസുകളിൽ ഉൾപ്പെട്ടത് 78 വിദ്യാർത്ഥികൾ. കോട്ടയത്താണ് ഏറ്റവും കൂടുതൽ. 45 കേസുകളാണ് കോട്ടയത്ത് എക്‌സൈസ് രജിസ്റ്റർ ചെയ്തത്. നാർക്കോട്ടിക് കേസുകളിൽ എറണാകുളവും കോട്ടയവുമാണ് മുന്നിൽ.

ലഹരിസംഘത്തിന്റെ കാരിയറായി ഒട്ടേറെ വിദ്യാർത്ഥികൾ മാറുന്നതായും കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: