തമിഴ്‌നാട്ടിൽ വിഷമദ്യദുരന്തങ്ങൾ പുത്തരിയല്ല. കൃത്യം ഒരു വർഷം മുമ്പാണ് വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിലായി 17 പേർ തീ ജ്വാലയിൽ വീണ ചിത്രശലഭങ്ങളെപ്പോലെ വിഷമദ്യദുരന്തത്തിൽ പിടഞ്ഞു മരിച്ചത്. ഇപ്പോഴിതാ തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെയെണ്ണം 28 ആയി. 66ലധികം ആളുകൾ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ചെന്നൈയില്‍നിന്ന് 250 കിലോമീറ്ററോളം അകലെ, കള്ളക്കുറിച്ചി പട്ടണത്തിനടുത്ത് കരുണാപുരത്താണ് മദ്യദുരന്തമുണ്ടായത്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പകലുമായി പാക്കറ്റു ചാരായം വാങ്ങിക്കഴിച്ച കൂലിവേലക്കാരാണ് ദുരന്തത്തിനിരയായത്.
സർക്കാർ മദ്യവിൽപനശാലയായ ‘ടാസ്മാക്കി’ൽ ഉയർന്ന വില നൽകേണ്ടതിനാൽ പ്രാദേശിക വിൽപനക്കാരിൽ നിന്നു വ്യാജമദ്യം വാങ്ങിയവരാണു ദുരന്തത്തിന് ഇരയായത്.
മദ്യപിച്ചു വീട്ടിലെത്തിയ ഉടനെ തലവദേനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നിരവധി പേരെ രാത്രിതന്നെ കള്ളക്കുറിച്ചി മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച കൂടുതല്‍പേര്‍ ആശുപത്രികളിലെത്തി. വിദഗ്ധ ചികിത്സ വേണ്ടവരെ പുതുച്ചേരി ജിപ്മര്‍ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
ചികിത്സയിൽ കഴിയുന്നവരില്‍ 9 പേരുടെ നില ഗുരുതരമാണ്. വിദഗ്ധ ചികിത്സ നൽകാനായി വില്ലുപുരം, സേലം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള മന്ത്രിസംഘവും സംഭവ സ്ഥലത്തുണ്ട്
മരണ കാരണം വിഷമദ്യം മൂലമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കളക്ടര്‍ ശ്രാവണ്‍ കുമാര്‍ ബുധനാഴ്ച വൈകീട്ട് പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. അതിനു പിന്നാലെ അദ്ദേഹത്തെ മാറ്റി, എം.എസ്. പ്രശാന്തിനെ പുതിയ കളക്ടറായി നിയമിച്ചു.
ജില്ലാ പൊലീസ് സൂപ്രണ്ട് സമയ് സിങ് മീണയെയും ലഹരി നിർമാർജന വിഭാഗം ഡിഎസ്പിയേയും സസ്പെൻഡ് ചെയ്തു. വ്യാജമദ്യം തടയുന്നതില്‍ വീഴ്ച വരുത്തിയെന്നു കണ്ടതിനെത്തുടര്‍ന്നാണ് ഇവരെ മാറ്റിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അന്വേഷണം ക്രൈംബ്രാഞ്ച് സി.ഐ.ഡി.ക്കു കൈമാറി..
വ്യാജമദ്യ വില്‍പ്പന നടത്തിയ കണ്ണുക്കുട്ടി എന്ന ഗോവിന്ദരാജനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളില്‍നിന്ന് 200 ലിറ്റര്‍ മദ്യം പിടിച്ചു. അതില്‍ മെഥനോളിന്റെ അംശം കണ്ടെത്തിയിട്ടുണ്ടത്രേ.
സർക്കാരിന്റെ പിടിപ്പുകേടാണു ദുരന്തത്തിനു കാരണമെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. ഡിഎംകെ ഗവണ്‍മെന്റിനേയും എംകെ സ്റ്റാലിനേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ബിജെപി തമിഴ്‌നാട് പ്രസിഡൻ്റ് കെ അണ്ണാമലൈയും രംഗത്തെത്തി. വ്യാജമദ്യമുണ്ടാക്കുന്നവരുമായി ഡിഎംകെ മന്ത്രി മസ്താന് അടുത്ത ബന്ധമുണ്ടെന്ന് അണ്ണാമലൈ ആരോപിച്ചു. വ്യാജ മദ്യം നിര്‍മിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാത്തതാണ് ഇത്തരം ദുരന്തത്തിന് കാരണമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.