തൃശൂര്‍: കുവൈറ്റിലെ തീപിടുത്തം നടന്ന ഫ്ലാറ്റില്‍ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലുള്ള ബന് എന്ന സുഹൃത്ത് നാട്ടില്‍ അറിയിക്കുകയായിരുന്നു. ബിനോയിയുടെ ചര്‍ച്ചിലെ പാസ്റ്ററായ കുര്യാക്കോസ് ചക്രമാക്കലിനെയാണ് കുവൈറ്റില്‍നിന്ന് സുഹൃത്ത് വിവരം അറിയിച്ചത്.
കുവൈറ്റ് ദുരന്തത്തിന് പിന്നാലെ ബിനോയിയെ കാണാനില്ലെന്ന് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ.വി അബ്ദുള്‍ ഖാദര്‍ അറിയിച്ചിരുന്നു. ബിനോയ് തീപിടുത്തം നടന്ന ഫ്ലാറ്റിലുണ്ടായിരുന്നു എന്നായിരുന്നു സംശയം. 5 ദിവസം മുമ്പാണ് ബിനോയ് കുവൈറ്റിലെത്തുന്നത്. തീപിടിത്തം നടന്ന ദിവസം രാവിലെ 2 മണി വരെ ഇദ്ദേഹം ഓണ്‍ലൈനിലുണ്ടായിരുന്നു എന്ന് വീട്ടുകാരും അറിയിച്ചിരുന്നു. കുവൈത്തിലെത്തിയതിന് ശേഷം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും അപകടം നടന്നതിന് ശേഷം ബിനോയിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചില്ലായിരുന്നു. വിവരങ്ങള്‍ നോര്‍ക്കക്ക് കൈമാറി നടത്തിയ അന്വേഷണത്തിലാണ് ബിനോയ് മരിച്ചതായി സ്ഥിരീകരിച്ചത്.
അതേസമയം, തെക്കന്‍ കുവൈത്തിലെ മംഗഫിലില്‍ കമ്പനി ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികള്‍ മരിച്ചതായി നോര്‍ക്ക സിഇഒ അജിത് കോളശേരി അറിയിച്ചു കുവൈത്തിലെ നോര്‍ക്ക ഡെസ്കില്‍നിന്നാണ് ഈ വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ 15 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തും. ദുരന്തത്തില്‍ ആകെ 49 പേരാണ് മരിച്ചത്. ചികിത്സയിയിലുള്ളവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് കെട്ടിട, കമ്പനി ഉടമകള്‍, ഈജിപ്ഷ്യന്‍ സ്വദേശിയായ കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന്, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.