NEWSTRENDING

ഇന്ധനനികുതി കുറയ്ക്കാത്തത് വെല്ലുവിളി:മുല്ലപ്പള്ളി

പാചകവാതക ഇന്ധന വില വര്‍ധനവ് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നതില്‍ നിന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒഴിഞ്ഞുമാറാനാകില്ല.പെട്രോള്‍/ ഡീസല്‍ ഉല്‍പ്പന്നങ്ങളുടെ വില കുതിച്ചു കയറി ജനജീവിതം മഹാദുരിതത്തിലായപ്പോള്‍ കേന്ദ്ര-സംസ്ഥാന ബജറ്റുകളില്‍ ഇളവുപ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അവശ്യസാധനങ്ങളുടെ വില വര്‍ധനവിന് ഇടയാക്കുന്നതാണ് പെട്രോളിയം ഉത്പ്പന്നങ്ങളുടെ പേരിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിക്കൊള്ളയെന്നും മുല്ലപ്പള്ളി പറഞ്ഞു.

ജനുവരിയില്‍ മാത്രം ഏഴുതവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് 55.99 ഡോളര്‍ മാത്രമുള്ളപ്പോഴാണ് രാജ്യത്ത് ഇന്ധനവില ക്രമാതീതമായി കുതിക്കുന്നത്.ഒരു ലിറ്റര്‍ പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് നികുതിയായി കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് നികുതി ചുമത്തുന്നത്. കൂടാതെ ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസുമുണ്ട്. പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് വെറും 29.33ഉം ഡീസലിന് 30.43ഉം രൂപയാണ്. ഇതിന്റെ മൂന്നിരട്ടിയോളം വിലയിട്ടാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ പിഴിയുന്നത്.

Signature-ad

കേന്ദ്ര സര്‍ക്കാര്‍ ഇന്ധവില കുറയ്ക്കാന്‍ നടപടി സ്വീകരിക്കാത്ത സ്ഥിതിക്ക് കേരള സര്‍ക്കാര്‍ അമിത നികുതി കുറയ്ക്കാന്‍ തയ്യാറാകണം.രാജസ്ഥാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ധനവില നിയന്ത്രിക്കാന്‍ മുല്യവര്‍ധിത നികുതി 2 ശതമാനം കുറച്ചു ജനങ്ങളോടുള്ള പ്രതിബദ്ധതകാട്ടി.മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരും ഇന്ധനവില വര്‍ധനവിന്റെ അധികനികുതി ഒഴിവാക്കി 620 കോടിയുടെ ആശ്വാസം ജനങ്ങള്‍ക്ക് നല്‍കിയിരുന്നു.ഇതേ മാതൃക പിന്തുടരാന്‍ കേരള സര്‍ക്കാരും തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് കുത്തനെയാണ് വിലവര്‍ധിപ്പിച്ചത്. ഇത് സാധാരണക്കാരന്റെ കുടുംബ ബജറ്റ് അവതാളത്തിലാക്കും. ഇപ്പോള്‍ 25 രൂപയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിലും സമാനമായ രീതിയില്‍ പാചകവാതകത്തിന് വില ഉയര്‍ത്തിയിരുന്നു. ഇത് പ്രതിഷേധാര്‍ഹമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Back to top button
error: