സിനിമ പ്രേമികൾക്ക് ഏറ്റവും സന്തോഷം പകരുന്ന വാർത്തയാണിത്. രാജ്യത്തെമ്പാടുമുള്ള 4000 ത്തോളം സിനിമാസ്ക്രീനുകളിൽ മെയ് 31ന് കേവലം 99 രൂപയ്ക്ക് സിനിമ ആസ്വദിക്കാൻ സുവർണാവസരം. മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എം.എ.ഐ) ‘സിനിമ ലവേഴ്സ് ഡേ’യായി മെയ് 31ന് ആചരിക്കുന്നതിൻ്റെ ഭാഗമായാണ് ഈ ഓഫർ. പി.വി.ആർ, ഇറോക്സ്, സിനിപോളിസ്, മിറർ സിനിമാസ് അടക്കം വിവിധ മൾട്ടിപ്ലക്സ് ചെയിനുകളിൽ ഈ ഓഫർ ലഭിക്കും.
മാർച്ച് മാസം മുതൽ വിവിധ ഭാഷകളിലും ബോളിവുഡിലും വലിയ റിലീസുകൾ ഇല്ലാത്തതിനാൽ തീയറ്ററുകൾ വലിയ പ്രതിസന്ധിയിലായ അവസ്ഥയിലാണ് ‘സിനിമ ലവേഴ്സ് ഡേ’ നടത്തുന്നത്. പൊതു തിരഞ്ഞെടുപ്പ് വലിയ റിലീസുകളെ ബാധിച്ചിട്ടുണ്ട്.എന്നാൽ ജൂൺ മാസത്തിൽ വൻ റിലീസുകൾ പ്രഖ്യാപിച്ചതിനാൽ വലിയ പ്രതീക്ഷയിലാണ് തിയേറ്റർ സിനിമ വ്യവസായം.
അതിന് മുന്നോടിയായി ആളുകളെ തിയേറ്ററിലേക്ക് ആകർഷിക്കാനാണ് ‘സിനിമ ലവേഴ്സ് ഡേ’ നടത്തുന്നത് എന്നാണ് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ പറയുന്നത്.
“എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും തിയേറ്ററുകളിലേക്ക് ഒരുമിച്ചു കൊണ്ടുവരിക എന്നതാണ് ഈ ദിനം ആചരിക്കുന്നതിൻ്റെ പ്രധാന ലക്ഷ്യം. ഉത്തരേന്ത്യയിൽ അടക്കം ചൂടിനെ മറികടക്കാൻ ആളുകൾ മൾട്ടിപ്ലക്സുകൾ തിരഞ്ഞെടുത്തേക്കും. കഴിഞ്ഞ വർഷം ദേശീയ സിനിമ ദിന പരിപാടിയിൽ കുടുംബാംഗങ്ങൾ അടക്കം വലിയൊരു വിഭാഗം സിനിമ കാണാൻ എത്തിയിരുന്നു. അന്ന് പങ്കെടുക്കുന്ന സ്‌ക്രീനുകളിൽ 50 മുതൽ 70 ശതമാനം പ്രേക്ഷകരുടെ പങ്കാളിത്തം ലഭിച്ചു. മെയ് 31ന് സമാനമായ പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. ”
എം.എ.ഐ പ്രസിഡൻ്റ് കമൽ ജിയാൻ ചന്ദാനി പറയുന്നു.