അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ഏറെ ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിക്ക് അപൂര്‍വ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ്. സാക്രല്‍ എജെനെസിസ് (Sacral Agenesis) കാരണമാണ് കുട്ടി ഈ ദുരിതം നേരിട്ടിരുന്നത്. നട്ടെല്ലിനോട് ചേര്‍ന്നുള്ള ഭാഗത്തെ ശാസ്ത്രക്രിയായതിനാല്‍ പരാജയപ്പെട്ടാല്‍ ശരീരം പൂര്‍ണമായി തളര്‍ന്നുപോകാനും മലമൂത്ര വിസര്‍ജനം അറിയാന്‍ പറ്റാത്ത നിലയിലാകാനും സാധ്യതയുണ്ട്. അതിസങ്കീര്‍ണമായ ഈ ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വിഭാഗം വിജയകരമായി പൂർത്തികരിച്ചത്.
സ്‌കൂള്‍ ആരോഗ്യ പരിശോധനയ്ക്കായി എത്തിയ ആരോഗ്യകേരളം നഴ്‌സ് ലീനാ തോമസാണ് ഇടപെടലാണ് കുട്ടിയുടെ ജീവിതത്തില്‍ വഴിഞ്ഞിരിവായത്. കുട്ടിയുടെ ക്ലബ് ഫൂട്ടിനെകുറിച്ചും ചികിത്സയെക്കുറിച്ചും സംസാരിച്ച് പിരിയുമ്പോള്‍ പെട്ടെന്നാണ് കുട്ടി ഡയപ്പെര്‍ ധരിച്ചിരിക്കുന്ന കാര്യം ശ്രദ്ധിച്ചത്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് തന്റെ ജന്മനായുള്ള അസുഖത്തെ കുറിച്ച് അവൾ നഴ്‌സിനോട് പറയുന്നത്. അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ദിവസവും 5 മുതല്‍ 6 വരെ ഡയപ്പെര്‍ ധരിച്ചാണ് ഓരോ ദിവസവും തള്ളിനീക്കിയിരുന്നത്. ഇതുമൂലം കുട്ടി വളരെയേറെ ബുദ്ധിമുട്ടിയിരുന്നു.
നട്ടെല്ലിലെ താഴ് ഭാഗത്തെ എല്ല് പൂര്‍ണമായി വളരാത്തതുമൂലം ആ ഭാഗത്തെ നാഡികള്‍ വളര്‍ച്ച പ്രാപിക്കാതെ അവ തൊലിയോട് ഒട്ടിച്ചേര്‍ന്നിരിക്കുന്ന ഒരു അപൂര്‍വ്വ അവസ്ഥയാണ് ഈ രോഗം. 5 വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ കോട്ടയത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ സമീപിച്ചിരുന്നെങ്കിലും ജന്മനായുള്ള ഈ അസുഖത്തിന് പരിഹാരമില്ലെന്ന് പറഞ്ഞ് ചികിത്സ ഉപേക്ഷിക്കുകയായിരുന്നു.
പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ നഴ്‌സ് ലീനാ തോമസ് ജില്ലാ ആര്‍.ബി.എസ്.കെ കോ ഓര്‍ഡിനേറ്റര്‍ക്ക് സ്‌ക്രീനിംഗ് റിപ്പോര്‍ട്ട് നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഏകോപിപ്പിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ സൗജന്യ വിദഗ്ധ ചികിത്സക്കുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. സ്വകാര്യ ആശുപത്രികളില്‍ അതിസങ്കീര്‍ണമായ ഈ ശസ്ത്രക്രിയക്ക് കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും ചെലവ് വരും.
2024 ജനുവരിയില്‍ പരിശോധനകൾ ആരംഭിച്ചു. മെയ് 24ന് കോട്ടയം മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വിഭാഗം തലവന്‍ ഡോ. ബിജു കൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയ 7 മണിക്കൂര്‍ നീണ്ടുനിന്നു.