ലഖ്നൗ: ക്ലാസില്‍ സംസാരിച്ചതിന് അധ്യാപകന്‍ ചെവിക്ക് അടിച്ചതിന്റെ ഫലമായി പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കേള്‍വി ശക്തി ഭാഗികമായി നഷ്ടപ്പെട്ടെന്ന് പരാതി. ഉത്തര്‍ പ്രദേശിലെ ഉഭോണ്‍ എന്ന സ്ഥലത്തെ സ്വകാര്യ സ്‌കൂളിലാണ് 14 കാരന്‍ അധ്യാപകന്റെ ക്രൂരമര്‍ദനത്തിന് ഇരയായത്. പിപ്രൗലി ബര്‍ഹാഗോണിലെ സ്‌കൂളിലെ ഗണിത അധ്യാപകനെതിരെ പൊലീസ് കേസെടുത്തു.
മേയ് 13 നാണ് സംഭവം നടന്നത്. കണക്ക് ക്ലാസ് നടന്നുകൊണ്ടിരിക്കെ കേള്‍വിശക്തി നഷ്ടമായ വിദ്യാര്‍ഥി സഹപാഠിയോട് സംസാരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇത് കണ്ട അധ്യാപകനായ രാഘവേന്ദ്ര വിദ്യാര്‍ഥിയുടെ ചെവിയോട് ചേര്‍ന്ന് പലതവണ അടിക്കുകയായിരുന്നെന്നാണ് പരാതി. അടി കിട്ടിയതിന് പിന്നാലെ മകന്റെ കര്‍ണപടം പൊട്ടിയെന്നും കേള്‍വി ശക്തി ഭാഗികമായി നഷ്ടപ്പെട്ടെന്നുമാണ് പിതാവിന്റെ പരാതി. രാഘവേന്ദ്ര മര്‍ദിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥിയുടെ പിതാവ് പ്രവീണ്‍ കുമാര്‍ മധുകര്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 323 , 325 എന്നീ വകുപ്പുകള്‍ പ്രകാരം അധ്യാപകനെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.