IndiaNEWS

‘വോട്ടു ചെയ്തില്ല’; മുന്‍കേന്ദ്രമന്ത്രിയോട് വിശദീകരണം തേടി ബിജെപി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്ന മുന്‍കേന്ദ്രമന്ത്രിയും നിലവിലെ ഹസാരിബാഗ് എം.പിയുമായ ജയന്ത് സിന്‍ഹയ്ക്ക് ബി.ജെ.പിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഹസാരിബാഗില്‍ വീണ്ടും സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ സംഘടനാപ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനിന്നെന്നും വോട്ടുപോലും ചെയ്തില്ലെന്നും നോട്ടീസില്‍ പറയുന്നു. ജയന്തിനെ മാറ്റി മനിഷ് ജയ്സ്വാളിനെയാണ് ഇത്തവണ ബി.ജെ.പി. ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്.

ജയന്തിന്റെ നടപടികള്‍ കാരണം പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേറ്റെന്ന് കാരണംകാണിക്കല്‍ നോട്ടീസില്‍ ആരോപിക്കുന്നു. ഝാര്‍ഖണ്ഡ് ബി.ജെ.പി. ജനറല്‍ സെക്രട്ടറി അദിത്യ സാഹുവാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രണ്ടുദിവസത്തിനകം വിശദീകരണം നല്‍കാനാണ് ആവശ്യം. ഇതുവരെ ജയന്ത് നോട്ടീസിന് മറുപടി നല്‍കിയിട്ടില്ല.

Signature-ad

തന്നെ തിരഞ്ഞെടുപ്പ് ചുമതലകളില്‍നിന്ന് ഒഴിവാക്കണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ജയന്ത് സിന്‍ഹ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയോട് ആവശ്യപ്പെട്ടിരുന്നു. കാലാവസ്ഥാമാറ്റത്തിനെതിരായ പോരാട്ടത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് മാറിനില്‍ക്കുന്നത് എന്നായിരുന്നു വിശദീകരണം. മണിക്കൂറുകള്‍ക്കുള്ളില്‍ മനീഷ് ജയ്സ്വാളിനെ ബി.ജെ.പി. ഹസാരിബാഗിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

ജയന്തിന്റെ പിതാവ് യശ്വന്ത് സിന്‍ഹ ലോക്സഭയില്‍ പ്രതിനിധീകരിച്ച മണ്ഡലമാണ് ഹസാരിബാഗ്. 2009-ല്‍ യശ്വന്ത് സിന്‍ഹയായിരുന്നു ഇവിടെ വിജയിച്ചത്. 2014-ല്‍ ഇവിടെ വിജയിച്ച ജയന്ത്, 2019-ലും വിജയം ആവര്‍ത്തിച്ചു. നരേന്ദ്രമോദി സര്‍ക്കാരില്‍ ധനകാര്യ, വ്യോമയാന സഹമന്ത്രി സ്ഥാനങ്ങള്‍ ജയന്ത് സിന്‍ഹ വഹിച്ചിരുന്നു. സിറ്റിങ് സീറ്റില്‍ ജയന്തിനെ മത്സരിപ്പിച്ചാല്‍ തിരിച്ചടി നേരിടുമെന്ന് ബി.ജെ.പിയുടെ ആഭ്യന്തര സര്‍വേയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സ്ഥാനാര്‍ഥിയെ മാറ്റിയതെന്നാണ് വിവരം.

Back to top button
error: