കൊച്ചി: സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. സുധാകരന്റെ ഹര്‍ജിയിലാണു കോടതിവിധി. കേസില്‍ ഒന്നുംരണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേല്‍ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തന്നെയും കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടു സുധാകരന്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. സുധാകരനെതിരെ ഗൂഢാലോചനയ്ക്കു തെളിവുകളുണ്ടെന്നു ചൂണ്ടിക്കാട്ടി ഹര്‍ജി വിചാരണക്കോടതി തള്ളി. തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്.
1995 ഏപ്രില്‍ 12ന് ചണ്ഡിഗഡില്‍നിന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് ട്രെയിനില്‍ മടങ്ങുമ്പോഴാണ് ഇ.പി.ജയരാജന്‍ ആക്രമണത്തിനിരയായത്. കേസില്‍ ഗൂഢാലോചനാ കുറ്റമാണ് കെ.സുധാകരനെതിരെ ചുമത്തിയിരുന്നത്.